ഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കേന്ദ്ര വ്യവസായ സുരക്ഷാ സേനയെ (സി.ഐ.എസ്.എഫ്) വിന്യസിക്കാനാവില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. അണക്കെട്ട് സ്ഥിതി ചെയ്യുന്നത് കേരളത്തിലായതിനാല്‍ സുരക്ഷ നല്‍കുന്നതിന് സര്‍ക്കാരിന് പൂര്‍ണ ഉത്തരവാദിത്വം ഉണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കേരളം മതിയായ സുരക്ഷ നല്‍കാത്ത പശ്ചാത്തലത്തില്‍ സി.ഐ.എസ്.എഫിനെ വിന്യസിക്കണമെന്നായിരുന്നി തമിഴ്നാടിന്റെ ആവശ്യം. സി.ഐ.എസ്.എഫ് വേണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സമര്‍പ്പിച്ച അപേക്ഷയില്‍ നിലപാടറിയിക്കാന്‍ ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അദ്ധ്യക്ഷനായ ബെഞ്ചാണ് കേന്ദ്ര, കേരള സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചത്.
എന്നാല്‍ ക്രമസമാധാന പാലനം സംസ്ഥാനത്തിന്റെ അധികാരത്തില്‍ വരുന്ന കാര്യമായതിനാല്‍ തമിഴ്നാടിന്റെ അപേക്ഷ നിലനില്‍ക്കില്ലെന്ന് കേരളം വ്യക്തമാക്കി. പ്രതിപക്ഷ എം.എല്‍.എയായ ഇ.എസ്. ബിജിമോളും സംഘവും അണക്കെട്ടിലേക്ക് ബലം പ്രയോഗിച്ച കയറിയതായുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമതി സുരക്ഷയ്ക്കായി പ്രത്യേക സംവിധാനം ഒരുക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിച്ചതാണെന്നും കേരളം മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
Discussion about this post