കോട്ടയം: കേരളത്തിലെ ക്രമസമാധാന പ്രശ്നങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ക്രമസമാധാന നില പാടേ തകര്‍ന്നിരിക്കുകയാണ്. ഭരണത്തിന്റെ തണലിലാണ് സിപിഎം അക്രമം നടത്തുന്നത്. ക്രമസമാധാന ചുമതല സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണ്. കേരളത്തിലെ സര്‍ക്കാര്‍ ഇതില്‍ ഒരു ശ്രദ്ധയും ചെലുത്തുന്നില്ല. പ്രശ്നത്തില്‍ ഇടപെടാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ചെറുവള്ളി എസ്റ്റേറ്റില്‍ ശബരിമല വിമാനത്താവളം കൊണ്ടുവരുന്നതില്‍ ദുരൂഹതയുണ്ട്. ശബരിമല തീര്‍ഥാടകര്‍ക്ക് വിമാനത്താവളം ആവശ്യമാണെന്ന നിലപാടിനോട് യോജിക്കുന്നു. എന്നാല്‍ ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിന് ഏറ്റെടുക്കുന്നത് വഴി കോടികള്‍ തട്ടിയെടുക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഇതില്‍ വ്യക്തമായ ഗുഢാലോചനയുണ്ട്. ശബരിമല വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കാനല്ല സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണ്. സര്‍ക്കാരിന്റെ ഭൂമി കൈയേറിയവര്‍ക്കെതിരേ നടപടി സ്വീകരിച്ച് ഭൂമി തിരിച്ചുപിടിക്കണമെന്നും സര്‍ക്കാര്‍ പണം നല്കി ഭൂമി വാങ്ങാന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post