തിരുവനന്തപുരം : ധനമന്ത്രി കെ.എം മാണി പ്രതിയാക്കപ്പെട്ട ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുക്കുന്നതിനെക്കുറിച്ചും കുറ്റപത്രം സമര്‍പ്പിക്കുന്നതിന് നിയമോപദേശം തേടുന്നതിനെക്കുറിച്ചും വിജിലന്‍സ് ആലോചിക്കുന്നു.
ബാര്‍ കോഴയാരോപണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുെന്നന്ന കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ .ബാലകൃഷ്ണപിള്ളയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ മൊഴിയെടക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ്, കോഴയാരോപണം ഉന്നയിക്കുന്നതിനുമുമ്പ് ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെന്നായിരുന്നു പിള്ളയുടെ വെളിപ്പെടുത്തല്‍.
ഇതിനുപുറമെ, ബാര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്ന് ബാര്‍ ഉടമകളും മൊഴിനല്‍കിയിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുക. കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കാന്‍ വിജിലന്‍സ്, ലീഗല്‍ അഡ്വൈസറുടെ നിയമോപദേശം ഉടന്‍ തേടും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കുറ്റപത്രം സമര്‍പ്പിക്കണമോ വേണ്ടയോയെന്ന് വിജിലന്‍സ് തീരുമാനിക്കുക. കുറ്റപത്രം സമര്‍പ്പിക്കാന്‍ നിയമോപദേശത്തിന്റെ ആവശ്യമില്ലെങ്കിലും മന്ത്രി ഉള്‍പ്പെട്ട പ്രധാനപ്പെട്ട കേസ് ആയതിനാല്‍ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതാണോയെന്നറിയാനാണ് നിയമോപദേശം തേടുന്നത്.
Discussion about this post