കണ്ണൂര്‍: സിപിഐ നേതാവിന്റെ സ്ഥലവും വീടും കയ്യേറി സിപിഎമ്മുകാര്‍ റോഡു നിര്‍മ്മിച്ചതായി ആരോപണം. സിപിഐ നേതാവും അഴീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന പരേതനായ പന്നേന്‍ നാരായണന്റെ സ്ഥലത്താണ് സിപിഎമ്മുകാര്‍ റോഡ് വെട്ടിയത്. സംഭവുമായി ബന്ധപ്പെട്ട് നാരായണന്റെ ഭാര്യ പൊന്മുടിയന് സുശീല കണ്ണൂര്‍ ജില്ല കളക്ടര്‍ക്കും പൊലീസ് സൂപ്രണ്ടിനും പരാതി നല്കി.
കഴിഞ്ഞ മാസം 31 ന് രാത്രിയിലായിരുന്നു സംഭവം. പതിനഞ്ചംഗ സംഘം ജെസിബി ഉപയോഗിച്ച് കക്കൂസ് കെട്ടിടവും ടാങ്കും പൊളിച്ചുമാറ്റിയായിരുന്നു കയ്യേറ്റം. എട്ടോളം തെങ്ങുകളും പിഴുതുമാറ്റി. സുശീലയുടെ സഹോദരി ലക്ഷ്മി, പ്രേമജ, സുനജ, സുന്ദരന്‍ എന്നിവരുടെ സ്ഥലങ്ങളിലും കയ്യേറ്റം നടത്തിയിട്ടുണ്ട്. ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു കയ്യേറ്റം.
അതേസമയം സംഭവം നടന്ന ശേഷം പോലീസിനെ വിവരമറിയിച്ചെങ്കിലും തിരിഞ്ഞ് നോക്കിയില്ലെന്ന് പറയുന്നു. പിന്നീട് ഒത്തുതീര്‍പ്പ് നിര്‍ദ്ദേശമാണ് പോലീസ് മുന്നോട്ട് വെച്ചതെന്നും ആരോപണമുണ്ട്. സ്ഥലത്തെ ചില സി.പി.എം നേതാക്കളാണ് സ്ഥലം കൈയേറിയതിന് കൂട്ട് നിന്നതെന്ന് കുടുംബം ആരോപിക്കുന്നു. പാര്‍ട്ടി നേതാവിന്റെ സ്ഥലത്ത് കൂടി അനുവാദമില്ലാത്തെ റോഡ് നിര്‍മ്മിച്ചത് ജില്ലയില്‍ സി.പി.ഐ, സി.പി.എം പോരിന് ആക്കം കൂട്ടിയിട്ടുണ്ട്. സി.പി.എമ്മിന്റെ നടപടി അംഗീകരിക്കാനാകില്ലെന്നാണ് സി.പി.ഐയുടെ നിലപാട്.
Discussion about this post