കണ്ണൂര്‍: വടക്കന്‍ മേഖലയിലെ അഞ്ചുജില്ലകളിലെ മതംമാറ്റ കല്യാണത്തില്‍ സംശയമുണ്ടെന്ന് ഉത്തരമേഖലാ ഡി.ജി.പി.യുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിന്റെ വിലയിരുത്തല്‍. 35 കല്യാണങ്ങളാണ് ഈ രീതിയിലുണ്ടായിട്ടുള്ളത്. ഇതില്‍ പ്രണയവിവാഹമെന്ന തരത്തില്‍ മാറ്റിനിര്‍ത്താവുന്നത് പത്തെണ്ണം മാത്രമാണ്. ബാക്കി 25 കല്യാണത്തെക്കുറിച്ചും സംശയമുണ്ടെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നല്കിയ വിശദീകരണം. ഈ കല്യാണങ്ങളെക്കുറിച്ച് പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്കാന് ഡി.ജി.പി. ആവശ്യപ്പെട്ടു.
പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ജില്ലാ പോലീസ് മേധാവിമാരും സ്പെഷ്യല്‍ ബ്രാഞ്ച് എസ്.പി., ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡിവൈ.എസ്.പി.മാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. മലപ്പുറം, കാസര്‍കോട് ജില്ലകളിലുള്ളവര്‍ക്ക് ഐ.എസ്. ബന്ധം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍കൂടിയാണ് മതംമാറ്റ കല്യാണത്തെക്കുറിച്ച് പരിശോധിക്കുന്നത്.
കാസര്‍കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ ചില കല്യാണങ്ങളെക്കുറിച്ച് പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരം കേസുകള്‍ പ്രത്യേകമായി അന്വേഷിക്കാനാണ് നിര്‍ദേശം. ഡിവൈ.എസ്.പി. തലത്തിലുള്ളവരാണ് അന്വേഷിക്കേണ്ടത്. ഗുരുതരസ്വഭാവം ബോധ്യപ്പെടുകയാണെങ്കില്‍ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാനാണ് ധാരണ.
അതേസമയം കണ്ണൂര്‍ പരിയാരത്തെ സംഭവം ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇത് പ്രണയവിവാഹം മാത്രമായിരുന്നോയെന്നത് പോലീസ് അന്വേഷിക്കും. പാലക്കാട് ജില്ലയില്‍ എന്‍.ഐ.ഐ.യുടെ അന്വേഷണപരിധിയില്‍ വരാത്ത ചില കേസുകള്‍ക്ക് തീവ്രവാദബന്ധമുണ്ടെന്നും സംശയമുണ്ട്
Discussion about this post