ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റേത് കാപട്യം നിറഞ്ഞ ആശങ്കയാണെന്ന് ബിജെപി മുന്‍ എംപിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ തരുണ്‍ വിജയ്. കേരളീയരുടെ സുരക്ഷയും അഭിമാനവും സംരക്ഷിക്കാന്‍ കഴിയുന്നുണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കണമെന്ന് തരുണ്‍ ആവശ്യപ്പെട്ടു. ഹരിയാനയിലെ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മുഖ്യമന്ത്രി കത്തയച്ച സാഹചര്യത്തിലാണ് തരുണ്‍ വിജയ്യുടെ വിമര്‍ശനം.
പിണറായി വിജയന്റേത് കാപട്യം നിറഞ്ഞ ആശങ്കയാണെന്നും, സ്വന്തം സംസ്ഥാനത്ത് ജനത സുരക്ഷയില്ലാതെ കഴിയുകയാണെന്നും തരുണ്‍ വിജയ് പറഞ്ഞു. രാജ്യത്ത് മലയാളികള്‍ ഏറ്റവും അരക്ഷിതരായി കഴിയുന്നത് കേരളത്തിലാണ്. പ്രത്യേകിച്ച് സര്‍ക്കാരിന് എതിരെ ശബ്ദമുയര്‍ത്തുന്നവരാണ് കേരളത്തില്‍ അരക്ഷിതരെന്നും തരുണ്‍ വിജയ് കൂട്ടിചേര്‍ത്തു. കേരളത്തില്‍ അടുത്തിടെയുണ്ടായ വിവിധ അക്രമങ്ങളെ ഉദാഹരണമാക്കിയാണ് തരുണ്‍ വിജയ് സംസ്ഥാനത്തിന്റെ അവസ്ഥ വിശദീകരിക്കുന്നത്.
കൊച്ചിയില്‍ നടിയക്ക് നേരെയുണ്ടായ അക്രമണം, പാലക്കാട് വിക്ടോറിയ കോളേജില്‍ സിപിഐഎം നേതാക്കള്‍ ദളിതയായ വനിത പ്രിന്‍സിപ്പളിന് ശവക്കുഴി സമ്മാനമായി നല്കിയതും, കഴിഞ്ഞ 13 മാസത്തിനിടെ സംസ്ഥാനത്ത് 14 ആര്‍എസ്എസുകാരാണ് കൊല്ലപ്പെട്ടതെന്നും, അവരില്‍ നാല് പേര് ദളിതുകളായിരുന്നുവെന്നും തരുണ്‍ വിജയ് പറയുന്നു. ഇതെല്ലാമാണോ കേരളത്തിന്റെ സുരക്ഷ സൂചകങ്ങളെന്നും അദ്ദേഹം ചോദിക്കുന്നു. ആദ്യം കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു.
വ്യവസായ മുന്നേറ്റങ്ങളടക്കം നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട ഹരിയാന ജനങ്ങളെ സംബന്ധിച്ച് ഏറ്റവും സുരക്ഷിതമായ സംസ്ഥാനമാണെന്നും തരുണ്‍ വിജയ് പറയുന്നു.
Discussion about this post