കഴക്കൂട്ടം: അവതാരകപ്രസംഗം നീണ്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്വയം എഴുന്നേറ്റുവന്ന് ഉദ്ഘാടനം നടത്തി. ടെക്നോസിറ്റിയിലെ സണ്‍ടെക്ക് കാമ്പസിന്റെ ശിലാസ്ഥാപനച്ചടങ്ങിനിടെയാണ് സംഭവം.
അധ്യക്ഷന്റെയും എം.ശിവശങ്കര്‍, എ.സമ്പത്ത് എം.പി. എന്നിവരുടെയും പ്രസംഗം കഴിഞ്ഞ് അവതാരകര്‍ കമ്പനിയുടെ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍ തുടങ്ങിയപ്പോള്‍, മുഖ്യമന്ത്രി കസേരയില്‍ നിന്നെഴുന്നേറ്റ് മൈക്കിനു മുന്നിലെത്തുകയാണുണ്ടായത്.
ഉദ്ഘാടനം നടക്കണമെങ്കില്‍ ഇപ്പോള്‍ നടക്കണമെന്നും തനിക്കു മറ്റു പരിപാടികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സംഘാടകര്‍ ഓടിയെത്തി ഉദ്ഘാടനച്ചടങ്ങു നടത്തി. രണ്ടു മിനിറ്റ് പ്രസംഗിച്ചശേഷം മുഖ്യമന്ത്രി മടങ്ങുകയും ചെയ്തു. എട്ടരയ്ക്കു നിശ്ചയിച്ചിരുന്ന പരിപാടി മുഖ്യമന്ത്രി വൈകിയതിനാല്‍ ഒമ്പതേകാലോടെയാണു തുടങ്ങിയത്.
ഒമ്പതര കഴിഞ്ഞതോടെയാണ് മുഖ്യമന്ത്രി നേരിട്ടിറങ്ങി വന്നത്. പത്തുമണിക്ക് മറ്റൊരു പരിപാടിയുണ്ടെന്നും ഒമ്പതരയ്ക്കു തിരിച്ചുപോകണമെന്നു കരുതിയാണ് എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post