കൊളംബോ: ഇന്ത്യക്കെതിരായ അവസാന ഏകദിനത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു. മഴ മൂലം മത്സരം വൈകിയാണ് തുടങ്ങിയത്. കഴിഞ്ഞ ഏകദിനത്തിലെ ടീമില്‍ നിന്നും നാല് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കുന്നത്.
രാഹുല്‍, പാണ്ഡ്യ, അക്സര്‍, ധവാന് എന്നിവര്‍ക്ക് പകരം രഹാനെ, ജാദവ്, ഭുവനേശ്വര്‍, ചാഹല്‍ എന്നിവര്‍ കളിക്കും. കുശാല്‍ മെന്‍ഡിസിന് പകരം ക്യാപ്റ്റന്‍ ഉപുല്‍ തരംഗ ലങ്കന്‍ നിരയില്‍ തിരിച്ചെത്തി.
നാലു മത്സരങ്ങളിലും വന്‍ വിജയം നേടിയ ഇന്ത്യ അഞ്ചാം മത്സരവും സമ്മര്‍ദമില്ലാതെയാണ് കളിക്കുന്നത്. തുടരെ രണ്ടാം തവണയും ഏകദിനത്തില്‍ ഇന്ത്യയോട് സ്വന്തം തട്ടകത്തില്‍ 5-0 തോല്‍വി ഏറ്റുവാങ്ങേണ്ടിവരുമോ എന്ന ആശങ്കയിലാണ് ലങ്ക. 2014 നവംബറില്‍ പര്യടനത്തിനെത്തിയപ്പോള്‍ ഇന്ത്യ ലങ്കയെ 5-0ന് കീഴ്പ്പെടുത്തിയിരുന്നു. തുടര്‍ച്ചയായ പരാജയങ്ങള്‍ കാരണം സനത് ജയസൂര്യയുടെ നേതൃത്വത്തിലുള്ള സെലക്ഷന് കമ്മിറ്റി രാജിവെച്ചതും ലങ്കന്‍ ടീമിനേറ്റ തിരിച്ചടിയാണ്.
2019-ല്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ നേരിട്ട് യോഗ്യത നേടാന്‍ ലങ്കക്ക് ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്. അതുകൂടാതെ വിന്‍ഡീസിന്റെ ഇനിയുള്ള മത്സരങ്ങളിലെ ജയപരാജയവും ലങ്കയുടെ യോഗ്യതയുടെ അടിസ്ഥാനമാവും. ഈ മാസം അയര്‍ലന്‍ഡിനെതിരെ ഒന്നും ഇംഗ്ലണ്ടിനെതിരെ അഞ്ചും മത്സരങ്ങള്‍ വിന്‍ഡീസ് കളിക്കുന്നുണ്ട്.
ഇതില്‍ നല്ല മാര്‍ജിനില്‍ ജയിക്കാനായാല്‍ അവര്‍ റാങ്കിങ്ങില്‍ ലങ്കയെ മറികടന്ന് എട്ടാം സ്ഥാനക്കാരാകും. അങ്ങനെയെങ്കില്‍ 1996 ലോകകപ്പ് ജേതാക്കളായ ലങ്കയ്ക്ക് 2019 ലോകകപ്പിനെത്താന്‍ യോഗ്യതാ മത്സരം കളിക്കേണ്ടിവരും.
Discussion about this post