മുംബൈ: ഇന്ത്യയില്‍ കൂടുതല്‍ സ്വീകാര്യതയുള്ള കായിക ഇനമാണ് ക്രിക്കറ്റ്. മറ്റു കായിക ഇനങ്ങളായ ഹോക്കിയും ഫുട്ബോളും വോളിബോളുമെല്ലാം ക്രിക്കറ്റിന്റെ നിഴലിലായിപ്പോവുകയാണ് ഇന്ത്യയില്‍.
എന്നാല്‍ ഇന്ത്യയിലെ മറ്റു കായിക ഇനങ്ങള്‍ക്ക് കൈത്താങ്ങ് നല്‍കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലി. ഓരോ വര്‍ഷവും ഇന്ത്യയിലെ കായിക താരങ്ങള്‍ക്ക് വിരാട് കോഹ്ലി ഫൗണ്ടേഷന് വഴി രണ്ടു കോടി രൂപ നല്‍കുമെന്ന് കോഹ്ലി പ്രഖ്യാപിച്ചു. ഐ.പി.എല്‍ ടീം റെയ്സിങ് പുണെ സൂപ്പര്‍ ജയന്റ്സിന്റെ പുതിയ പദ്ധതിയുടെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോഹ്ലി.
ഇന്ത്യയിലെ ഓരോ കായിക ഇനത്തില്‍ നിന്നും ഓരോ വര്‍ഷത്തെയും മികച്ച കായികതാരത്തെ തിരഞ്ഞെടുത്ത് അവര്‍ക്ക് സാമ്ബത്തികസഹായം നല്കുന്ന പദ്ധതിക്കാണ് പുണെ സൂപ്പര്‍ജയന്റ് രൂപം കൊടുത്തിട്ടുള്ളത്. തിരഞ്ഞെടുത്ത മാധ്യമപ്രവര്‍ത്തകരും കായിക ഇതിഹാസങ്ങളുമാകും മികച്ച താരങ്ങളെ കണ്ടെത്തുക.
കോഹ്ലിയെ കൂടാതെ മുന്‍ ബാഡ്മിന്റണ്‍ താരവും പരിശീലകനുമായ പുല്ലേല ഗോപീചന്ദും പുണെ സൂപ്പര്‍ജയന്റിന്റെ ഉടമസ്ഥന് സഞ്ജീവ ഗോയങ്കയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. നവംബര്‍ പതിനൊന്നിന് മികച്ച താരങ്ങളെ കണ്ടെത്തി പുരസ്കാരം നല്‍കുമെന്ന് ഗോയങ്കെ വ്യക്തമാക്കി.
ഇന്ത്യയിലെ മറ്റു കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഒന്നിനും വളരാനാവില്ലെന്നും കോഹ്ലി ചൂണ്ടിക്കാട്ടി. മറ്റു രാജ്യങ്ങളില്‍ എല്ലാ കായിക ഇനങ്ങളെയും ഒരുപോലെയാണ് ആളുകള്‍ കാണുന്നത്. എന്നാല്‍ ഇന്ത്യയില്‍ അങ്ങിനെയല്ല. ഇന്ത്യയില്‍ വളര്‍ന്നതുകൊണ്ടുതന്നെ മറ്റു കായിക ഇനങ്ങളുടെ നിയമങ്ങള്‍ പോലും എനിക്കറിയില്ല. കോഹ്ലി വ്യക്തമാക്കി.
Discussion about this post