കൊച്ചി: ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ നരേന്ദ്ര മോദി, യശോദ ബെന്നിനെ ജീവിതത്തിലേക്ക് ക്ഷണിച്ചുവെന്ന വ്യാജ വാര്‍ത്ത നല്കി കേരള കൗമുദി ഓണ്‍ലൈന്‍. മോദി ക്ഷണിച്ചു, യശോദ ബെന്‍ ഇനി പ്രധാനമന്ത്രിയുടെ ഭാര്യ എന്നാണ് വാര്‍ത്തയുടെ തലക്കെട്ട്. ഓണ്‍ലൈന്‍ വായിക്കുന്നവര്‍ക്ക് മുന്നില്‍ വാര്‍ത്ത യഥാര്‍ത്ഥം എന്ന രീതിയിലാണ് വാര്‍ത്തയുടെ അവതരണം. വാര്‍ത്ത ഉള്‍പ്പെടുത്തിയിരിക്കുന്നതോ ദേശീയം പേജിലും. വാര്‍ത്തയ്ക്ക് താഴെ ഈ വാര്‍ത്തയ്ക്ക് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ല എന്ന് ബ്രാക്കറ്റ് ചെയ്ത് രേഖപ്പെടുത്തിയിട്ടുണ്ട്.
ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ കൗമുദി നല്കിയ വാര്‍ത്തയെ രൂക്ഷമായ ഭാഷയിലാണ് ഓണ്‍ലൈന്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നത്. മാധ്യമധര്‍മ്മത്തിന് നിരക്കുന്നതല്ല ഇത്തരം സമീപനങ്ങള്‍ എന്ന വിമര്‍ശനവും ഉയരുന്നു.
വാര്‍ത്ത വായിക്കുക-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യയായി ജീവിക്കാനുള്ള യശോദ ബെന്നിന്റെ ആഗ്രഹം സഫലമാവുന്നു. എല്ലാ ഭിന്നതകളും മറന്ന് മോദി തന്നെയാണ് യശോദയെ തന്നെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. മേയില്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച് പ്രധാനമന്ത്രിയായ ശേഷം മോദി ക്ഷണിച്ചാല്‍ താന്‍ ഒപ്പം ജീവിക്കാന്‍ തയ്യാറാണെന്ന് യശോദ വ്യക്തമാക്കിയിരുന്നു.
ബാല്യകാലത്താണ് ഇരുവരുടെയും സമുദായാചാരപ്രകാരമുള്ള വിവാഹ ചടങ്ങുകള്‍ നടന്നത്. ബാല്യത്തിലും പതിമ്മൂന്നാമത്തെ വയസിലുമുള്ള ചടങ്ങുകള്‍ കഴിഞ്ഞിരുന്നു. ഒരുമിച്ച് താമസം തുടങ്ങാനുള്ള മൂന്നാമത്തെ ചടങ്ങായ ഗുന നടത്തുന്നതിനായി ഇരുകുടുംബങ്ങളും തയ്യാറെടുക്കവെ പതിനെട്ടാം വയസില്‍ മോദി വീടുവിട്ടു പോവുകയായിരുന്നു. ഇതിനിടെ 1987ല്‍ മാത്രമാണ് ഇരുവരും പരസ്പരം കണ്ടത്. പഠിക്കാനും ജോലിനേടി സ്വന്തം കാലില്‍ നില്‍ക്കാനും തന്നെ പ്രേരിപ്പിച്ചത് മോദിയാണെന്ന് യശോദ ബെന്‍ നേരത്തെ പറഞ്ഞിരുന്നു.
ചൊവ്വാഴ്ച വൈകിട്ടാണ് യശോദയെ തേടി മോദിയുടെ ക്ഷണം എത്തിയത്. വിവരമറിഞ്ഞ യശോദ ആദ്യമൊന്ന് അന്പരന്നു. എന്നാല്‍ ഉടന്‍ തന്നെ അന്പരപ്പ് സന്തോഷത്തിന് വഴിമാറി. അദ്ദേഹം തന്നെ ഒരിക്കല്‍ ജീവിതത്തിലേക്ക് ക്ഷണിക്കും എന്ന് ഉറപ്പുണ്ടായിരുന്നു എന്നായിരുന്നു ഇത് സംബന്ധിച്ച് യശോദയുടെ പ്രതികരണം. മോദി ക്ഷണിച്ച സാഹചര്യത്തില്‍ മുടങ്ങിപ്പോയ ഗുന വീണ്ടും നടത്താനും തീരുമാനിച്ചു. ചടങ്ങിലേക്ക് പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് അടക്കമുള്ള ദക്ഷിണേഷ്യയിലെ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്.
(ഈ വാര്‍ത്തയ്ക്ക് യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ല)?
Discussion about this post