കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബാങ്ക് ഉദ്യോഗസ്ഥനു നേരെ ത്രിണമൂല്‍ മന്ത്രിയുടെ അസഭ്യവര്‍ഷം. ബംഗാള്‍ വികസനകാര്യ മന്ത്രിയായ രബീന്ദ്രനാഥ് ഘോഷ് ആണ് യുണൈറ്റഡ് ബാങ്ക് ജീവനക്കാരനെ ശകാരിക്കുകയും ചീത്ത പറയുകയും ചെയ്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
വടക്കന്‍ ബംഗാളിലെ ഘുഘുമാരിയിലൂടെ യാത്ര ചെയ്യുന്നതിനിടെ യുണൈറ്റഡ് ബാങ്കിനു മുന്നിലെ നീണ്ട നിര ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി സംഭവത്തില്‍ ഇടപെടുകയായിരുന്നു. പത്ത് ദിവസത്തിലേറെയായി ബാങ്ക് പ്രവര്‍ത്തനം താളം തെറ്റി കിടക്കുകയാണെന്ന് ജനങ്ങള്‍ പരാതി പറഞ്ഞു. ഇതോടെ ബാങ്ക് ഉദ്യോഗസ്ഥനുമായി മന്ത്രി സംസാരിച്ചു. ഇന്റര്‍നെറ്റ് ബന്ധം തകരാറിലായതിനാലാണ് പ്രവര്‍ത്തനം നിലച്ചതെന്ന് ഉദ്യോഗസ്ഥന് വ്യക്തമാക്കിയതോടെ പ്രശ്നം പരിഹരിക്കാത്തതിന്റെ പേരില്‍ മന്ത്രി തട്ടിക്കയറുകയായിരുന്നു. എന്നാല്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥന് പ്രതികരിച്ചെങ്കിലും മന്ത്രി ശകാരം തുടര്‍ന്നു. നിങ്ങള്‍ പരിധി വിടരുത്, അതിര് കടന്നാല്‍ ഞാന്‍ നിങ്ങള്‍ക്ക് അടി തരും എന്നാക്രോശിച്ചു കൊണ്ട് ഉദ്യോഗസ്ഥനെ മന്ത്രി ചീത്ത വിളിക്കുകയായിരുന്നു.
തകരാര്‍ പരിഹരിക്കാന്‍ തങ്ങള്‍ ശ്രമിക്കുകയാണെന്ന് വ്യക്തമാക്കിയിട്ടും മന്ത്രിയുടെ ഭാഗത്ത് നിന്നും മോശം പ്രതികരണമാണ് ഉണ്ടായതെന്ന് ബാങ്കിലെ മറ്റ് ജീവനക്കാരും പറഞ്ഞു.
Discussion about this post