മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ടർബോ. വൈശാഖിന്റെ പതിവ് മാസ് മസാല ഫോർമുലയിൽ എത്തിയ ചിത്രം ബോക്സോഫീസിൽ സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ അറബിക് പതിപ്പിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്.
മമ്മൂട്ടി കമ്പനി നിർമ്മിച്ച ടർബോയുടെ അറബിക് പതിപ്പിന്റെ ടീസർ ദുബായിൽ വെച്ച് നടന്ന ചടങ്ങിൽ കഴിഞ്ഞ ദിവസം മമ്മൂട്ടി തന്നെയാണ് പുറത്തിറക്കിയത്. ടർബോ ജോസ് അറബിയിൽ ടർബോ ജാസിം ആയിട്ടായിരിക്കും എത്തുകയെന്ന് ചടങ്ങിൽ മമ്മൂട്ടി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ സാമൂഹിക മാദ്ധ്യമങ്ങളിൽ ട്രോളന്മാർ അരങ്ങ് തകർക്കുകയാണ്.
മമ്മൂട്ടിയുടെ പല ചിത്രങ്ങളുടെയും പേരുകൾ അറബിവത്കരിച്ചാണ് സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുന്നത്. ഇൻസ്പെക്ടർ ബൽറാം അറബിയിലെത്തുമ്പോൾ ഇൻസ്പെക്ടർ ബീരാൻ ആകുമോ എന്നാണ് ചിലർ ചോദിക്കുന്നത്. രാജാധിരാജയെ അൽ സുൽത്താനും വല്ല്യേട്ടനെ വല്ല്യിക്കയും നായർ സാബിനെ നാസർ സാഹിബും നരസിംഹ മന്നാഡിയാരെ നാസറുദ്ദീൻ ഷെയ്ഖും ആക്കി ട്രോളുകൾ പ്രചരിക്കുന്നുണ്ട്.
ഈ വർഷം ഇതുവരെ രണ്ട് ചിത്രങ്ങളാണ് മമ്മൂടിയുടേതായി റിലീസ് ചെയ്തിരിക്കുന്നത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗമായിരുന്നു ആദ്യ ചിത്രം.
Discussion about this post