ദക്ഷിണേന്ത്യയിലെ ഏറ്റവും ജനപ്രിയ താരം, തമിഴകത്തോടൊപ്പം മലയാളത്തിലും നിരവധി ആരാധകർ, ഇന്ന് തമിഴകം ഉറ്റു നോക്കുന്ന രാഷ്ട്രീയ നേതാവ് അങ്ങനെ വിശേഷണങ്ങൾ നിരവധിയുണ്ട് ജനങ്ങളുടെ സ്വന്തം ഇളയദളപതിക്ക്. ജൂൺ 22ന് 50 വയസ്സിലേക്ക് കടക്കുകയാണ് ഇളയദളപതി വിജയ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സിനിമാരംഗത്ത് ആർക്കും തകർക്കാൻ കഴിയാത്ത വളർച്ചയാണ് വിജയ് നേടിയിട്ടുള്ളത്. ബാലനടനായി തുടങ്ങി 65 ലേറെ ചിത്രങ്ങൾ പൂർത്തീകരിച്ചുകൊണ്ട് വിജയ് അഭിനയരംഗത്ത് നിന്നും വിട വാങ്ങാൻ ഒരുങ്ങുകയാണ്.
ഈ അമ്പതാം പിറന്നാൾ വിജയ്ക്കും അദ്ദേഹത്തിന്റെ ആരാധകർക്കും ഏറെ പ്രാധാന്യമുള്ള ഒന്നാണ്. തന്റെ സിനിമ കരിയറിലെ അവസാനത്തേതെന്ന് പറയപ്പെടുന്ന ചിത്രം പൂർത്തിയാക്കി മുഴുവൻ സമയവും രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണ് വിജയ്. അതിനാൽ തന്നെ ആരാധകർ ഏറെ ആഘോഷത്തോടുകൂടിയാണ് വിജയുടെ അമ്പതാം പിറന്നാൾ കൊണ്ടാടാനായി ഒരുങ്ങിയിരുന്നത്. എന്നാൽ ഇപ്പോൾ താരം തന്നെ തന്റെ ജന്മദിനത്തിന് ആഘോഷങ്ങൾ നടത്തരുതെന്ന് ആരാധകരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജമദ്യ ദുരന്തത്തെ അമ്പതോളം പേർ മരിച്ച സാഹചര്യത്തിലാണ് ആഘോഷങ്ങൾ വേണ്ട എന്നുള്ള വിജയുടെ തീരുമാനം.
1974 ജൂൺ 22നാണ് ജോസഫ് വിജയ് എന്ന ഇളയദളപതിയുടെ ജനനം. സംവിധായകൻ എസ് എ ചന്ദ്രശേഖറിന്റെയും പിന്നണി ഗായിക ശോഭ ചന്ദ്രശേഖറിന്റെയും മൂത്ത മകനായി മദ്രാസിൽ ആണ് വിജയ് ജനിച്ചത്. കോടമ്പാക്കത്തെ ഫാത്തിമ സ്കൂളിലും വിരുഗമ്പാക്കത്തെ ബാലലോക് സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ വിജയ് ചെന്നൈ ലയോള കോളേജിൽ നിന്നും വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്. പത്താം വയസ്സിൽ അച്ഛൻ എസ് എ ചന്ദ്രശേഖർ സംവിധാനം ചെയ്ത വെട്രി എന്ന ചിത്രത്തിലൂടെ ബാലതാരമായി ആണ് വിജയ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.
പതിനെട്ടാം വയസ്സിൽ നാളൈ തീർപ്പ് എന്ന ചിത്രത്തിലൂടെയാണ് വിജയ് ആദ്യമായി നായക വേഷം ചെയ്യുന്നത്. അദ്ദേഹത്തിന്റെ അമ്മ ശോഭ ചന്ദ്രശേഖർ നിർമ്മിച്ച് അച്ഛൻ എസ് എ ചന്ദ്രശേഖർ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. 1996ൽ പുറത്തിറങ്ങിയ പൂവേ ഉനക്കാകെ എന്ന ചിത്രമായിരുന്നു വിജയുടെ ആദ്യ ജനപ്രിയ ചിത്രം. പിന്നീട് രണ്ടായിരത്തിനു ശേഷം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ വിജയ്ക്ക് കഴിഞ്ഞു. അഭിനയത്തോടൊപ്പം തന്നെ ഗായകൻ, നർത്തകൻ എന്നീ നിലകളിലും വിജയ് വലിയ ജനപ്രീതി ഉണ്ടാക്കി.
1999 ൽ തമിഴ് വംശജയായ ശ്രീലങ്കൻ യുവതി സംഗീതയെ വിജയ് വിവാഹം കഴിച്ചു. സഞ്ജയ്, ദിവ്യ എന്നീ രണ്ടു മക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. 2009 ൽ വിജയ് സ്ഥാപിച്ച ഫാൻസ് ക്ലബ്ബായ വിജയ് മക്കൾ ഇയക്കം പിന്നീട് തമിഴ്നാട് രാഷ്ട്രീയത്തിലേക്കും ചുവട് വെച്ചു. 2024 ഫെബ്രുവരി രണ്ടിനാണ് വിജയ് തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചത്. അടുത്ത തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലൂടെ തമിഴ് രാഷ്ട്രീയ രംഗത്ത് ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് വിജയ്.
Discussion about this post