സെന്റ് ലൂസിയ: ട്വന്റി 20 ലോകകപ്പ് സൂപ്പർ 8 ഗ്രൂപ്പ് 2ലെ നിർണായക മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തകർത്ത് ദക്ഷിണാഫ്രിക്ക. സെന്റ് ലൂസിയയിലെ ഡാരൻ സമ്മി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ 7 റൺസിനാണ് പ്രോട്ടീസിന്റെ വിജയം.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് എന്ന പൊരുതാവുന്ന സ്കോർ നേടി. മറുപടി ബാറ്റിംഗിൽ ഇംഗ്ലീഷ് പോരാട്ടം 6 വിക്കറ്റിന് 156 റൺസിൽ അവസാനിച്ചു.
തകർപ്പൻ ഫോമിൽ കളിക്കുന്ന ഓപ്പണിംഗ് ബാറ്റ്സ്മാൻ ക്വിന്റൺ ഡി കോക്കിന്റെ വെടിക്കെട്ടാണ് ദക്ഷിണാഫ്രിക്കക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഡി കോക്ക് 38 പന്തിൽ 65 റൺസ് നേടി. ഡേവിഡ് മില്ലർ 43 റൺസെടുത്തു. ആദ്യ മത്സരത്തിൽ വിൻഡീസിനെ വീഴ്ത്തിയ ജോഫ്ര ആർച്ചർ ഇന്നും 3 വിക്കറ്റ് നേടി.
മുൻനിര മങ്ങിയെങ്കിലും പൊരുതിക്കളിച്ച ഹാരി ബ്രൂക്കും ലിയാം ലിവിംഗ്സ്ടണും ഇംഗ്ലണ്ടിന് അവസാന നിമിഷം വരെ പ്രതീക്ഷ നൽകി. എന്നാൽ 17 പന്തിൽ 33 റൺസെടുത്ത ലിവിംഗ്സ്ടണെ റബാഡയും 37 പന്തിൽ 53 റൺസെടുത്ത ബ്രൂക്കിനെ നോർട്ട്യെയും വീഴ്ത്തിയതോടെ ഇംഗ്ലണ്ട് തോൽവി വഴങ്ങുകയായിരുന്നു. റബാഡയും കേശവ് മഹാരാജും 2 വിക്കറ്റുകൾ വീതം വീഴ്ത്തി.
തുടർച്ചയായ 2 മത്സരങ്ങളും ജയിച്ചതോടെ ദക്ഷിണാഫ്രിക്ക സെമി ഫൈനൽ ഏറെക്കുറെ ഉറപ്പിച്ചു. എന്നാൽ ഇംഗ്ലണ്ടിന് മുന്നേറണമെങ്കിൽ അടുത്ത മത്സരത്തിൽ ടൂർണമെന്റിലെ കറുത്ത കുതിരകളായ അമേരിക്കയെ വീഴ്ത്തണം. വെസ്റ്റ് ഇൻഡീസിനാകട്ടെ അമേരിക്കയും ദക്ഷിണാഫ്രിക്കയുമായാണ് ശേഷിക്കുന്ന മത്സരങ്ങൾ.
Discussion about this post