ജമ്മു : ജമ്മുകശ്മീരിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്ര ഇനി കൂടുതൽ എളുപ്പമാകും. ജമ്മുവിൽ നിന്നും വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് ഹെലികോപ്റ്റർ സർവീസ് ആരംഭിച്ചു. ജൂൺ 25 മുതലാണ് പൊതുജനങ്ങൾക്കായി ഈ സേവനം ആരംഭിക്കുന്നത്. പ്രത്യേക പാക്കേജുകൾ വഴി യാത്ര മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ജമ്മുവിൽ നിന്നും ഹെലികോപ്റ്റർ സർവീസ് വഴി വെറും 15 മിനിറ്റ് സമയം കൊണ്ട് വൈഷ്‌ണോ ദേവി ക്ഷേത്രത്തിൽ എത്തിച്ചേരാൻ കഴിയുന്നതാണ്. ജമ്മു വിമാനത്താവളത്തിൽ നിന്നുമാണ് സർവീസ് ആരംഭിക്കുന്നത്. സാധാരണ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയും ശൈത്യകാലത്ത് രാവിലെ 11 മുതൽ വൈകിട്ട് 4 വരെയും ആയിരിക്കും ഹെലികോപ്റ്റർ സർവീസ് നടത്തുക.
ജമ്മു വിമാനത്താവളത്തിൽ നിന്നും വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് 65 കിലോമീറ്ററോളം ദൂരമാണ് ഉള്ളത്. റോഡ് മാർഗ്ഗം രണ്ടര മണിക്കൂർ മുതൽ മൂന്നു മണിക്കൂർ വരെ സമയമെടുത്തുള്ള യാത്രയാണ് ഹെലികോപ്റ്ററിലൂടെ വെറും 15 മിനിറ്റിൽ പൂർത്തീകരിക്കാൻ കഴിയുക. ഗ്ലോബൽ വെക്ട്രയും ഹിമാലയൻ ഹെലി സർവീസസും ചേർന്ന് രണ്ട് പാക്കേജുകളിൽ ആയാണ് ഹെലികോപ്റ്റർ സർവീസ് ആരംഭിക്കുന്നത്. ജമ്മു വിമാനത്താവളത്തിൽ നിന്നും ആരംഭിച്ച് ഭവൻ മാർഗിലെ പഞ്ചി ഹെലിപ്പാഡിൽ എത്തിച്ചേരുന്ന രീതിയിലാണ് സർവീസ് നിശ്ചയിച്ചിട്ടുള്ളത്. 35,000 രൂപ മുതൽ 60,000 രൂപ വരെയുള്ള വിവിധ പാക്കേജുകൾ ആയാണ് ഈ ഹെലികോപ്റ്റർ സർവീസ് ആരംഭിക്കുന്നത്.
Discussion about this post