ന്യൂഡൽഹി: ബിജെപി എം പി ഭർതൃഹരി മഹ്താബിനെ പ്രോ ടേം സ്പീക്കറായി നിയമിച്ചതിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്ന കോൺഗ്രസിനും ഇൻഡി സഖ്യത്തിനുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. കോൺഗ്രസിന്റെ നിലപാട് അങ്ങേയറ്റം അപമാനകരമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളിൽ നിന്നും കോൺഗ്രസ് പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഏറ്റവും കൂടുതൽ കാലം തുടർച്ചയായി എം പി ആയിരുന്നയാൾക്കാണ് പ്രോ ടേം സ്പീക്കർ പദവി നൽകുന്നത്. ആ കീഴ്വഴക്കമനുസരിച്ചാണ് ഭർതൃഹരി മഹ്താബിനെ നിയമിക്കാൻ തീരുമാനിച്ചത്. മഹ്താബ് തുടർച്ചയായി ഏഴ് തവണയാണ് എം പിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് എട്ട് തവണ എം പിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നാൽ അത് തുടർച്ചയായല്ല. 1998ലും 2004ലും അദ്ദേഹം പരാജയപ്പെട്ടിട്ടുണ്ട്. റിജിജു ചൂണ്ടിക്കാട്ടി.
നേരത്തേ, കൊടിക്കുന്നിൽ സുരേഷിനെ പ്രോ ടേം സ്പീക്കർ ആക്കാത്തതിനെതിരെ കൊടിയ വിദ്വേഷ പ്രചാരണങ്ങളാണ് കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ നടത്തിയത്. സുരേഷ് ദളിതനായത് കൊണ്ട് മനപ്പൂർവം അദ്ദേഹത്തെ തഴഞ്ഞു എന്ന തരത്തിലായിരുന്നു കോൺഗ്രസിന്റെ പ്രചാരണം.
കട്ടക്കിൽ നിന്നുമുള്ള ബിജെപി എം പി ഭർതൃഹരി മഹ്താബിനെ ലോക്സഭാ പ്രോ ടേം സ്പീക്കറായി കഴിഞ്ഞ ദിവസമായിരുന്നു രാഷ്ട്രപതി ദ്രൗപദി മുർമ്മു നിയമിച്ചത്. ഒഡിഷ മുൻ മുഖ്യമന്ത്രി ഹരേകൃഷ്ണ മഹ്താബിന്റെ മകനാണ് ഭർതൃഹരി മഹ്താബ്.
പതിനെട്ടാം ലോക്സഭയിലെ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നത് പ്രോ ടേം സ്പീക്കറുടെ സാന്നിദ്ധ്യത്തിലാണ്. സ്പീക്കർ തിരഞ്ഞെടുപ്പ് വരെ സഭാനടപടികൾ നിയന്ത്രിക്കുന്നതും ഇദ്ദേഹമായിരിക്കും. ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ജൂൺ 26നാണ് നടക്കുക. ജൂൺ 24 മുതൽ ജൂലൈ 3 വരെയാണ് പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം.
Discussion about this post