ഹൈദരാബാദ് : പട്ടാപ്പകൽ ബുർഖ ധരിച്ച് എത്തി ജ്വല്ലറി ഉടമയ്ക്ക് നേരെ ആക്രമണം. ഹൈദരാബാദിൽ പകൽ 1: 45 ഓടെ ആണ് സംഭവമുണ്ടായത്. ബൈക്കിൽ ബുർഖ ധരിച്ചു കൊണ്ട് എത്തിയ ആക്രമി ജ്വല്ലറിയിൽ കയറി ഉടമയെ കത്തികൊണ്ട് കുത്തി വീഴ്ത്തുകയായിരുന്നു. തുടർന്ന് പണവും ആഭരണങ്ങളും കൊള്ളയടിക്കാൻ ശ്രമിച്ചെങ്കിലും ആ സമയം കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന ഉടമയുടെ മകൻ അടക്കമുള്ളവർ ചേർന്ന് പ്രതിരോധിച്ചതിനാൽ ആക്രമി സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.
ഹൈദരാബാദ് പോലീസ് സ്റ്റേഷനിൽ നിന്നും 25 മീറ്റർ മാത്രം അകലെയാണ് ഈ ആക്രമണം നടന്നത്. ഉച്ചയ്ക്ക് ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് സ്വർണ്ണവും വെള്ളിയും വില്പന നടത്തുന്ന കടയുടമയായ ശേഷരാമനെ കുത്തിയശേഷം കൊള്ളയടിക്കാൻ ശ്രമം നടത്തിയത്. അക്രമികളിൽ ഒരാൾ ഹെൽമറ്റ് ധരിച്ച് ബൈക്കുമായി പുറത്തു കാത്തു നിൽക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ബുർഖ ധരിച്ച് എത്തിയ വ്യക്തിയാണ് ആക്രമണം നടത്തിയത്.
മോഷണശ്രമം നടന്ന കടയുടെ സമീപത്തായി മേൽപ്പാലം പണി നടക്കുന്നതിനാൽ പ്രദേശത്തെ 25 ഓളം സിസിടിവി ക്യാമറകൾ നീക്കം ചെയ്തിരുന്നു. ഈ സാഹചര്യം മുതലാക്കിയാണ് കവർച്ചക്കാർ മോഷണത്തിനായി എത്തിയിരുന്നത്. ബുർഖയോടൊപ്പം മോഷ്ടാവ് കയ്യുറകളും ധരിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും ആക്രമി ബുർഖയും കയ്യുറയും ധരിച്ചിരുന്നതിനാൽ പ്രതിയെപ്പറ്റി ധാരണ നൽകുന്ന തെളിവുകൾ ഒന്നും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.
Discussion about this post