ലുധിയാന: പത്ത് രൂപയുടെ ഫ്രൂട്ടി പാക്കറ്റ് തുണയായപ്പോൾ പോലീസിന്റെ വലയിലായത് എട്ടര കോടിയുടെ കവർച്ച നടത്തിയ കുപ്രസിദ്ധ കുറ്റവാളികൾ. ലുധിയാന ക്യാഷ് വാൻ കവർച്ചയ്ക്ക് പിന്നിലെ മുഖ്യ സൂത്രധാര ഡാകു ഹസീന എന്നറിയപ്പെടുന്ന മന്ദീപ് കൗറും ഭർത്താവ് ജസ്വീന്ദർ സിംഗുമാണ് ഒരു വർഷം മുൻപ് പഞ്ചാബ് പോലീസിന്റെ പിടിയിലായത്.
ഉത്തരാഖണ്ഡിലെ തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള യാത്രാമദ്ധ്യേ പോലീസ് വിതരണം ചെയ്ത ശീതള പാനീയം കുടിയ്ക്കാൻ മുഖാവരണം നീക്കിയപ്പോഴായിരുന്നു ഹസീന പിടിയിലായത്. ചമോലിയിലെ ഹേമകുണ്ഡ് സാഹിബിൽ നിന്നുമാണ് ഇവരെ പോലീസ് പിടികൂടിയത്.
പ്രതികൾ തീർത്ഥാടന കേന്ദ്രത്തിൽ എത്തുമെന്ന് പോലീസിന് നേരത്തേ രഹസ്യവിവരം ലഭിച്ചിരുന്നു. എന്നാൽ ആയിരക്കണക്കിന് തീർത്ഥാടകർക്കിടയിൽ നിന്നും ഇവരെ കണ്ടെത്തുക ശ്രമകരമാണ് എന്ന് ബോദ്ധ്യമുണ്ടായിരുന്നു. ഇതോടെ, തീർത്ഥാടകർക്ക് സൗജന്യമായി ഫ്രൂട്ടി നൽകാൻ പോലീസ് പദ്ധതി തയ്യാറാക്കി.
ഫ്രൂട്ടി വാങ്ങാൻ എത്തിയവരുടെ കൂട്ടത്തിൽ ഡാകു ഹസീനയും ഭർത്താവും ഉണ്ടായിരുന്നു. ഇത് കുടിക്കാൻ മുഖാവരണം നീക്കിയതോടെ കള്ളി പൊളിഞ്ഞ ഇവർ പോലീസിന്റെ പിടിയിലാകുകയായിരുന്നു. പഞ്ചാബിലെ ന്യൂ രാജ്ഗുരു നഗറിലെ സാമ്പത്തിക സ്ഥാപനത്തിന്റെ ഓഫീസിൽ നിന്നും കവർച്ച നടത്തിയ കേസിലായിരുന്നു നടപടി.
Discussion about this post