കൊൽക്കത്ത : പശ്ചിമബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം രാജിവെച്ച് അധീർ രഞ്ജൻ ചൗധരി. വെള്ളിയാഴ്ച നടന്ന കോൺഗ്രസ് സംസ്ഥാന ഘടകത്തിന്റെ യോഗത്തിന് ശേഷമാണ് തീരുമാനം. കോൺഗ്രസിന്റെ രാജ്യസഭാംഗവും മുൻ കേന്ദ്ര ധനമന്ത്രിയും ആയ പി ചിദംബരം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടു പിന്നാലെയാണ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നതായി വ്യക്തമാക്കിക്കൊണ്ട് അധീർ രഞ്ജൻ ചൗധരി രംഗത്തെത്തിയത്.
പശ്ചിമബംഗാളിൽ നിന്നും അഞ്ചു തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കോൺഗ്രസ് നേതാവാണ് അധീർ രഞ്ജൻ ചൗധരി. മുർഷിദാബാദിലെ ബർഹാംപൂർ മണ്ഡലത്തിൽ നിന്നുമാണ് അദ്ദേഹം അഞ്ചു തവണ ലോക്സഭ എംപിയായിരുന്നത്. എന്നാൽ കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസഫ് പത്താനോട് അധീർ രഞ്ജൻ ചൗധരി പരാജയപ്പെട്ടിരുന്നു.
പശ്ചിമബംഗാളിൽ കോൺഗ്രസുമായി കടുത്ത ശത്രുതയിലുള്ള തൃണമൂൽ കോൺഗ്രസുമായി ഹൈക്കമാൻഡ് സൗഹൃദം സ്ഥാപിക്കുന്നതിൽ അധീർ രഞ്ജൻ ചൗധരിക്ക് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും അദ്ദേഹത്തിന് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ കോൺഗ്രസിന് കടുത്ത തിരിച്ചടി നേരിടേണ്ടി വന്നതിന്റെ പേരിൽ കോൺഗ്രസ് ഹൈക്കമാന്റിൽ നിന്നും അധീർ രഞ്ജൻ ചൗധരിക്ക് നേരെ കുറ്റപ്പെടുത്തലുകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നുമുള്ള അദ്ദേഹത്തിന്റെ രാജി.
Discussion about this post