ഡൽഹി: അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യൻ സൈന്യത്തെ അയക്കില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ. അഫ്ഗാനിസ്ഥാന് ഇന്ത്യ നൽകുന്ന വൈദ്യ സാഹായവും വികസനപ്രവർത്തനങ്ങളും തുടരും. എന്നാൽ അഫ്ഗാന്റെ മണ്ണിൽ ഇന്ത്യൻ സേനയുടെ ഒരു ബൂട്ടുപോലും പതിയില്ലെന്നും നിർമല വ്യക്തമാക്കി. യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
അഫ്ഗാനിസ്ഥാനിൽ ഇന്ത്യ സൈന്യത്തെ വിന്യസിക്കുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപും പാകിസ്ഥാനും ആരോപിച്ചിരുന്നു. അഫ്ഗാനിൽ പാകിസ്ഥാൻ നടത്തുന്ന തീവ്രവാദ പ്രവർത്തനങ്ങളെ തടയുന്നതിന് ഇന്ത്യൻ സൈന്യത്തെ അയക്കുന്നുണ്ടെന്നായിരുന്നു യു.എൻ പ്രതിനിധിസഭയിൽ ആരോപണം.
ആഗോളതലത്തിൽ തീവ്രവാദം ചെറുക്കുന്നതിന് ഇരു രാജ്യങ്ങളും ഒരുമിച്ച് നീങ്ങുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി മാറ്റിസ് അറിയിച്ചു. തീവ്രവാദത്തോട് സഹിഷ്ണുത കാണിക്കില്ല. ലോകനേതാക്കൾ എന്ന നിലയിൽ യു.എസും ഇന്ത്യയും തീവ്രവാദമെന്ന വിപത്തിനെതിരെ ഒരുമിച്ച് പോരാടണമെന്നും മാറ്റിസ് പത്രകുറിപ്പിൽ അറിയിച്ചു. ത്രിദിന ഇന്ത്യ സന്ദർശനത്തിന് തിങ്കളാഴ്ചയാണ് ജെയിംസ് മാറ്റിസ് ഇന്ത്യയിലെത്തിയത്.
Discussion about this post