ചെന്നൈ: സി.പി.ഐ നേതാവ് ആനി രാജ മതപരിവര്‍ത്തനത്തിനിരയായ അഖിലയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. ബുധനാഴ്ചയായിരുന്നു സന്ദര്‍ശനം. അരമണിക്കൂറോളം അഖിലയുടെ വീട്ടില്‍ ചിലവഴിച്ച ആനിരാജ സന്ദര്‍ശവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാന്‍ തയ്യാറായില്ല. അഖിലയെ സഹായിക്കാനെന്ന പേരില്‍ ഒപ്പംകൂടിയിരിക്കുന്നവര് അവരുടെ വീടിനു പുറത്ത് അനാവശ്യമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് ആനിരാജ പറഞ്ഞു.
സി.പി.ഐ നേതാവിന്റെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അഖിലയുടെ പിതാവ് അശോകന് പറഞ്ഞു. ‘അവര്‍ (സി.പി.ഐ) ആദ്യമായി ഇന്നാണ് വന്നത്. ഞാനവരെ സ്വാഗതം ചെയ്തു. എനിക്കും ഭാര്യയ്ക്കുമൊപ്പം അവര്‍ കുറച്ചുസമയം ചിലവഴിച്ചു.’ അശോകന് പറഞ്ഞു.
അഖിലയുടെ ബന്ധുക്കളുമായി നടത്തിയ സംഭാഷണത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ‘രാഹുല്‍ ഈശ്വര്‍ ഈ കുടുംബത്തോട് ചെയ്തത് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കൂടാതെ ഈ കുടുംബത്തെ കൂടുതല്‍ പ്രശ്നത്തിലാക്കുന്ന ഒന്നും പറയാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ല.’ എന്നാണ് ആനിരാജ പറഞ്ഞത്.
‘അഖിലയെ വിവാഹം കഴിച്ച ആളെക്കുറിച്ച് സ്ഥിരീകരിക്കാത്ത പല ഗുരുതരമായ ആരോപണങ്ങളും കേള്‍ക്കുകയും കേരളത്തില്‍ നിന്നും വിവാദമായ ഒട്ടേറെ വിവാഹങ്ങളെക്കുറിച്ച് ആരോപണങ്ങള്‍ ഉയരുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം മുസ്ലി സമുദായത്തെ ഒന്നടങ്കം മോശം പ്രതിച്ഛായയില്‍ നിര്‍ത്തും.’
താന്‍ സി.പി.ഐക്കാരനാണെന്നും തന്റെ പാര്‍ട്ടി തന്നെ ഒറ്റപ്പെടുത്തിയെന്നും കഴിഞ്ഞദിവസം ഇന്ത്യന്‍ എക്സ്പ്രസിനു നല്കിയ അഭിമുഖത്തില്‍ അശോകന് ആരോപിച്ചിരുന്നു. ബി.ജെ.പിയും ആര്.എസ്.എസുമാണ് തന്നെ സഹായിക്കുന്നത്. സി.പി.ഐ തന്നെ സഹായിച്ചിട്ടില്ല. ഈ അവസ്ഥയില്‍ താന്‍ ആരുടെ സഹായവും സ്വീകരിക്കുമെന്നും അശോകന് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സി.പി.ഐ നേതാവിന്റെ സന്ദര്‍ശനം.
പോപ്പുലര്‍ ഫ്രണ്ടും രാഹുല്‍ ഈശ്വറുമാണ് തന്റെ കുടുംബത്തിലെ പ്രശ്നം വഷളാക്കിയത്. രാഹുല്‍ ഈശ്വര്‍ വീട്ടില്‍ നിന്നും തിരിച്ചുപോയശേഷമാണ് പ്രശ്നം വഷളായത്. ഇത് അദ്ദേഹത്തിന്റെ ചീഞ്ഞകളിയായിരുന്നെന്നും അശോകന് പറഞ്ഞിരുന്നു.
Discussion about this post