എറണാകുളം: കൊല്ലം അഞ്ചലിലെ യുവതിയുടെയും 17 ദിവസം മാത്രം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളുടെയും കൊലപാതകത്തിൽ 18 വര്‍ഷത്തിനു ശേഷം പ്രതികള്‍ പിടിയില്‍ ആയിരിക്കുകയാണ്. കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് പുറത്ത് വരുന്നത്. പ്രതികള്‍ നല്കിയ മൊഴിയില്‍ ആണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
രഞ്ജിനിയെയും കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയത് രണ്ടാം പ്രതി രാജേഷ് ആണെന്ന് ഒന്നാം പ്രതി ദിബിൽ കുമാര്‍ മൊഴി നൽകി. രഞ്ജിനിയേയും കുഞ്ഞുങ്ങളേയും ഇല്ലാതാക്കാമെന്ന് നിർദേശിച്ചതും രാജേഷ് ആണെന്നും ഇയാൾ മൊഴി നല്‍കിയിട്ടുണ്ട്. ഇരട്ടക്കുട്ടികളുടെ ജനനത്തിന് മുന്നേ തന്നെ ഇരുവരും കൊലപാതകം ആസൂത്രണം ചെയ്തിരുന്നു. രഞ്ജിനിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്താണ് രാജേഷ് അവിടെയെത്തി ഇവരെ പരിചയപ്പെട്ടത്. തുടര്‍ന്ന് കൃത്യമായ ആസൂത്രണത്തോടെയാണ് ഇവരെ വാടക വീട്ടിലേക്ക് അടക്കം മാറ്റിയത്. പിതൃത്വം ദിബിൽ കുമാർ ഏറ്റെടുക്കണമെന്ന് രഞ്ജിനി ആവശ്യപ്പെട്ടതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത് എന്നും മൊഴിയില്‍ പറയുന്നു.
18 വര്‍ഷമാണ് പ്രതികൾ ഒളിവിൽ കഴിഞ്ഞത്. 2008ലാണ് പ്രതികള്‍ പോണ്ടിച്ചേരിയിൽ എത്തുന്നത്. കൊല നടത്തിയശേഷം രണ്ടു വര്‍ഷം ഇന്ത്യ മുഴുവൻ പ്രതികള്‍ കറങ്ങി. പിടിക്കപ്പെടാതിരിക്കാൻ ബന്ധുക്കളെ വിളിച്ചിരുന്നില്ല. വിഷ്ണുവെന്നും പ്രദീപ് എന്നും ഇരുവരും പേരുമാറ്റിയാണ് പിടികൊടുക്കാതെ നിന്നത്. പോണ്ടിച്ചേരി സ്വദേശിനിയെ വിവാഹം കഴിച്ചതോടെ പിടിക്കപ്പെടില്ലെന്ന് കരുതിയെന്നും പ്രതികൾ പറഞ്ഞു.
Discussion about this post