ഡല്‍ഹി: ഗാന്ധിവധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ഹര്‍ജിയുടെ സാധുത പരിശോധിക്കാന്‍ കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. മുതിര്‍ന്ന അഭിഭാഷകന് അമരീന്ദര്‍ സരണിനെയാണ് കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചത്. മുംബൈ സ്വദേശിയും അഭിനവ്ഭാരത് പ്രവര്‍ത്തകനുമായ ഡോ. പങ്കജ്ഫട്നിസാണ് ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്.
മഹാത്മാ ഗാന്ധിയെ വധിച്ചത് ഗോഡ്സെയല്ലെന്നും മറ്റൊരു അജ്ഞാതനാണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ഗാന്ധിജിക്ക് മരണസമയത്ത് നാലു വെടിയേറ്റിരുന്നെന്നും ഗോഡ്സെ ഉതിര്‍ത്ത മൂന്നു വെടിയുണ്ടകള്‍ കൂടാതെ നാലാമതൊരു വെടിയുണ്ടകൂടി ഏറ്റിരുന്നുവെന്നും നാലാമത്തെ ഉണ്ടയാണ് ഗാന്ധിജിയുടെ ജീവനെടുത്തതെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ വെടിയുതിര്‍ത്തത് ആരാണെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
ലോക മാധ്യമങ്ങളിലെ ഏറിയ പങ്കും നാലു ബുള്ളറ്റുകള്‍ ഗാന്ധിജിക്ക് ഏറ്റിരുന്നുവെന്നാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും നാലാം ബുള്ളറ്റ് ഇപ്പോഴും നിഗൂഢമായി തന്നെ അവശേഷിക്കുന്നുവെന്നും കാണിച്ചാണ് ഗാന്ധിജിയുടെ മരണം വീണ്ടും അന്വേഷിക്കണമെന്ന് പങ്കജ് ആവശ്യപ്പെടുന്നത്. നേരത്തെ, ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
Discussion about this post