ഡല്‍ഹി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് മത്സരത്തില്‍, ചരിത്രത്തില്‍ ആദ്യമായി ലോകകപ്പ് മത്സരത്തില്‍ മത്സരിക്കാനിറങ്ങിയ ഇന്ത്യക്കു തോല്‍വിയോടെ തുടക്കം. ഗ്രൂപ്പ് എയില്‍, അണ്ടര്‍ 17 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് കരുത്തരായ അമേരിക്ക ഇന്ത്യയെ തകര്‍ത്തത്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യ ഒരു ഗോളിനു പിന്നിലായിരുന്നു. പെനാല്‍റ്റി ഗോളിലൂടെ 29-ാം മിനിറ്റില്‍ ജോഷ് സെരഗെന്റാണ് അമേരിക്കയ്ക്കായി ഗോള്‍ നേടിയത്. ബോക്‌സില്‍ ജിതേന്ദ്ര സിംഗിന്റെ ഫൗളിനെ തുടര്‍ന്നാണ് റഫറി പെനാല്‍റ്റി വിധിച്ചത്.
രണ്ടാം പകുതിയുടെ ആറാം മിനിറ്റില്‍ ഇന്ത്യ വീണ്ടും ഗോള്‍ വഴങ്ങി. കോര്‍ണര്‍ കിക്കില്‍ നിന്നുള്ള ക്രിസ് ഡര്‍ക്കിന്റെ ഗോള്‍ശ്രമത്തിനു പിന്നില്‍ കാഴ്ചക്കാരനാകാനായിരുന്നു ഗോള്‍കീപ്പര്‍ ധീരജ് സിംഗിന്റെ വിധി.
33 മിനിറ്റിനുശേഷം അമേരിക്ക വീണ്ടും ഗോള്‍ നേടി. ഇക്കുറി ഇന്ത്യയുടെ സുരേഷ് സിംഗിന്റെ ഗോള്‍ ശ്രമം തടഞ്ഞ് അമേരിക്ക നടത്തിയ കൗണ്ടര്‍ അറ്റാക്കാണ് ഗോളില്‍ കലാശിച്ചത്. തിരിച്ചടിക്കൊടുവില്‍ ആന്‍ഡ്രൂ കാര്‍ലെട്ടോന്‍ ഗോളിയെ നിഷ്പ്രഭമാക്കി ലക്ഷ്യം കാണുകയായിരുന്നു.
അമര്‍ജിത് സിംഗ് കിയാമിന്റെ നേതൃത്വത്തില്‍ കോച്ച് ലൂയിസ് നോര്‍ട്ടന്‍ ഡേ മാറ്റോസിന്റെ പരിശീലനത്തിലാണ് ഇന്ത്യ ഇറങ്ങിയത്. മലയാളി താരം കെ.പി. രാഹുല്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചിരുന്നു. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണു മത്സരം.
Discussion about this post