ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയായ ദോക ലായില്‍ സന്ദര്‍ശനം നടത്തി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്. കരസേനാ ഉദ്യോഗസ്ഥരോടും ഇന്തോ-ടിബറ്റന്‍ പോലീസ് സേനയോടുമൊപ്പമാണ് അവര്‍ ദോക ലായിലെത്തിയത്. സന്ദര്‍ശനത്തിനിടെ, അതിര്‍ത്തിയില്‍ കാവല്‍ നില്ക്കുന്ന ചൈനീസ് സൈന്യത്തെ പ്രതിരോധമന്ത്രി അഭിവാദ്യം ചെയ്യുകയും ചെയ്തു. ചൈനീസ് സൈനിക ഉദ്യോഗസ്ഥര്‍ മന്ത്രിയുടെ ഫോട്ടോ പകര്‍ത്തിയപ്പോഴാണ് അവര്‍ സൈന്യത്തെ കൈവീശിക്കാണിച്ചത്. മന്ത്രി തന്നെയാണ് താന്‍ ചൈനീസ് സൈന്യത്തെ അഭിവാദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സ്വീകരിച്ചിരിക്കുന്ന സുരക്ഷാ മുന്‍കരുതലുകള്‍ സംബന്ധിച്ച് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പ്രതിരോധമന്ത്രിയോട് വിശദീകരിച്ചു. മേഖലയിലെ സുരക്ഷ വിലയിരുത്തുന്നതിന് മന്ത്രി വ്യോമയാത്ര നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയേത്തുടര്‍ന്ന് അത് വേണ്ടെന്നു വച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച മന്ത്രി അവര്‍ക്ക് മധുരപലഹാരങ്ങളും വിതരണം ചെയ്തു. ദോക ലായില്‍ ചൈനീസ് സൈന്യം വീണ്ടും റോഡ് നിര്‍മാണം ആരംഭിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് നിര്‍മല സീതാരാമന് ഇവിടെ സന്ദര്‍ശനം നടത്തിയത്.
അതേസമയം, ചൈനീസ് സൈന്യം വീണ്ടും റോഡ് നിര്‍മാണം തുടങ്ങിയെന്നും അതിര്‍ത്തിയില്‍ ആയിരത്തോളം ചൈനീസ് സൈനികര്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നുമുള്ള വാര്‍ത്തകള്‍ വിദേശകാര്യമന്ത്രാലയം തള്ളിയിരുന്നു.
Discussion about this post