വാഷിങ്ടൻ: രണ്ടു ദശാബ്ദത്തേക്കുള്ള വളർച്ചയ്ക്ക് ആവശ്യമായ കഴിവ് ഇന്ത്യയ്ക്കുണ്ടെന്നു ധനകാര്യമന്ത്രി അരുൺ ജയ്റ്റ് ലി. വ്യവസായങ്ങൾക്ക് അനുകൂലമായ അടിസ്ഥാന സൗകര്യങ്ങൾ കേന്ദ്രസർക്കാർ ഒരുക്കുന്നുണ്ട്. സംരംഭങ്ങള്‍ക്കു വലിയ നിക്ഷേപങ്ങൾ നടത്താവുന്നതാണ്. മാസങ്ങൾക്കുള്ളിൽ ബിസിനസിനുള്ള പരിതസ്ഥിതികളിൽ മാറ്റം വരുമെന്നും ജയ്റ്റ്ലി പറഞ്ഞു. യുഎസ് സന്ദർശനത്തിനിടെ വാഷിങ്ടനിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത കുറച്ചുവർഷത്തിനുള്ളിൽ ഇന്ത്യയിൽ വൻതോതിലുള്ള നിക്ഷേപങ്ങൾ നടത്താനാകും. 2014ല്‍ ബിജെപി അധികാരത്തിലെത്തിയപ്പോൾ പുതിയ മാർഗങ്ങൾ സൃഷ്ടിക്കുകയോ കരിഞ്ചന്ത വിൽപന തുടരുകയോ ചെയ്യാമായിരുന്നു. എന്നാൽ അതിനല്ല സർക്കാർ തയാറായത്. മൂല്യം കൂടിയ നോട്ടുകൾ അസാധുവാക്കിക്കൊണ്ട് കള്ളപ്പണ ഇടപാടുകൾ തടഞ്ഞു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ ഇതു ബാധിച്ചിട്ടുണ്ടെന്നത് സത്യമാണ്. എന്നാൽ മുന്നോട്ടു നോക്കുമ്പോൾ ഇതു രാജ്യത്തിനു ഗുണകരമായിരിക്കുമെന്നും ജയ്റ്റ്ലി പറഞ്ഞു.
ഇന്ത്യയെ വ്യാവസായിക നിലയിൽ ഉന്നതിയിലെത്തിക്കാൻ സർക്കാർ വിവിധ നടപടികളെടുത്തു. ഭരണത്തിനായി ഡിജിറ്റൽ സംവിധാനങ്ങൾ മെച്ചപ്പെടുത്തി. ഇന്ത്യയിൽ എല്ലാവരും തന്നെ ഡിജിറ്റൽ സംവിധാനത്തിലേക്കു മാറി. എല്ലാവരും ആധാറിനാൽ ബന്ധിതരാണ്. രാജ്യത്തെ ഒറ്റ നികുതിക്കു കീഴിൽ കൊണ്ടുവരാൻ ചരക്ക്, സേവന നികുതിയിലൂടെ (ജിഎസ്ടി) സാധിച്ചുവെന്നും ജയ്റ്റ്ലി വ്യക്തമാക്കി.
Discussion about this post