ഡല്‍ഹി: 2012-ലെ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശാനുസരണം തീരുമാനങ്ങളെടുത്തതായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി. തീയതി പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയെ സഹായിക്കുന്നതായി കോണ്‍ഗ്രസ് ആരോപിച്ചതിനു പിന്നാലെയാണ് ബിജെപിയുടെ പ്രത്യാരോപണം.
2012ലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പെരുമാറ്റച്ചട്ടം പുറപ്പെടുവിച്ചതില്‍ പക്ഷപാതം കാട്ടിയെന്നാണ് വിജയ് രുപാണി ആരോപിച്ചത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സമയം നല്‍കാതെ കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശാനുസരണം പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചെന്ന് അദ്ദേഹം ആരോപിച്ചു.
2012ല്‍ ഗുജറാത്ത്, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുമിച്ചാണ് പ്രഖ്യാപിച്ചത്. 83 ദിവസമാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നത്. ഇതുമൂലം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അവസരം ലഭിച്ചില്ലെന്നാണ് ആരോപണം.
2012ലെ ഗുജറാത്ത് തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ച അന്നത്തെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ് സമ്പത്ത് രുപാണിയുടെ ആരോപണം തള്ളി. ഭരണഘടന അനുശാസിക്കുന്ന കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്ന കാര്യത്തില്‍ കമ്മീഷന് ഒരിക്കലും വിട്ടുവീഴ്ചകള്‍ ചെയ്തിട്ടില്ല. അഞ്ചുവര്‍ഷത്തിനു ശേഷം ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത് അനീതിയും നിഷ്ഠൂരവുമാണെന്ന് അദ്ദേഹം പറഞ്ഞു.
ഗുജറാത്ത്, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഹിമാചല്‍പ്രദേശിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചെങ്കിലും ഗുജറാത്തിലെ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചിരുന്നില്ല. പക്ഷേ രണ്ടിടത്തെ വോട്ടെണ്ണല്‍ തീയതി പ്രഖ്യാപിക്കുകയും ചെയ്തു.
തീയതി പ്രഖ്യാപിക്കാതിരുന്നത് പ്രധാനമന്ത്രി ഗുജറാത്ത് സന്ദര്ശിക്കാനിരിക്കുന്നതിനാലാണെന്നും ബിജെപിക്കുവേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പക്ഷപാതപരമായി പെരുമാറുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
വോട്ടെണ്ണല്‍ തീയതി പ്രഖ്യാപിച്ചിട്ടും വോട്ടെടുപ്പ് തിയതി പുറത്തുവിടാത്തതില്‍ കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ. ഖുറേഷിയും രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഒരുമിച്ച് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വികാരത്തിനെതിരാണെന്നും ഇത് ആശങ്കാജനകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹിമാചല്‍പ്രദേശിലെ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുകയും ഗുജറാത്തിലേത് പ്രഖ്യാപിക്കാതിരിക്കുകയും ചെയ്തതിന്റെ കാരണം ജനങ്ങളോട് വിശദീകരിക്കാന്‍ കമ്മീഷന് തയാറാവണം. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരിക്കുകയും മോദി അടുത്ത ആഴ്ച ഗുജറാത്ത് സന്ദര്‍ശനം നടത്തുകയും ചെയ്യുന്നത് സംശയം ജനിപ്പിക്കുന്നുണ്ട്. ഇത് തികച്ചും ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post