ഡല്‍ഹി: കേന്ദ്ര ഭവനപദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) യുടെ കീഴിൽ മഹാലാഷ്ട്രയില് രണ്ടുലക്ഷത്തോളം വീടുകൾ നിർമിക്കാനൊരുങ്ങുന്നു. ഇതിന് 60 പദ്ധതികൾക്കു സംസ്ഥാന സർക്കാർ അനുമതി നൽകിക്കഴിഞ്ഞു. മഹാരാഷ്ട്ര ഹൗസിങ് ആൻഡ് ഏരിയ ഡവലപ്മെന്റ് ബോർഡി (മാഡ) ന്റെ ആറു ഡിവിഷനുകളായിരിക്കും ഈ ഭവനപദ്ധതി പ്രാബല്യത്തിൽ വരുത്തുന്നത്.
മാഡ നടത്തിയ സർവേപ്രകാരം 23 ലക്ഷം പേരാണു യോജനയിലെ വീടിനു താൽപര്യം കാണിച്ചത്. പദ്ധതിയില്‍ വീടു ലഭിക്കുന്നവർക്കു രണ്ടരലക്ഷം രൂപ സബ്സിഡിയുമുണ്ട്. ഈ തുകയിൽ ഒന്നരലക്ഷം രൂപ കേന്ദ്ര സർക്കാരും ഒരുലക്ഷം രൂപ സംസ്ഥാന സർക്കാരും വഹിക്കും. മാഡയ്ക്കു പുറമേ, നവിമുംബൈയിൽ സിഡ്കോയും യോജനയുടെ കീഴിൽ 15,000 ഫ്ലാറ്റുകൾ നിർമിക്കുന്നുണ്ട്. സ്ഥലം ലഭിക്കാനുള്ള പരിമിതികൊണ്ടു മുംബൈയിൽ യോജനയുടെ കീഴിൽ പദ്ധതിയൊന്നും മാഡ ഏറ്റെടുത്തിട്ടില്ല. എന്നാൽ, ചേരി പുനരധിവാസ പദ്ധതിയിൽ താഴ്ന്ന വരുമാനക്കാർക്കുള്ള ഫ്ലാറ്റുകൾകൂടി നിർമിക്കുമെന്നും മാഡ വക്താവ് വെളിപ്പെടുത്തി.
സാമ്പത്തിക പ്രശ്നങ്ങൾ മൂലം നഗരത്തിൽ 3500 ചേരി പുനരധിവാസ പദ്ധതികൾ മുടങ്ങിക്കിടക്കുന്നുണ്ട്. ഇവ പുനരാരംഭിക്കുമ്പോൾ, 30 ചതുരശ്രമീറ്ററിനകത്തുവരുന്ന ഫ്ലാറ്റുകൾകൂടി നിർമിക്കാൻ ആവശ്യപ്പെടും. മാഡയുടെ നാസിക്, കൊങ്കൺ, പുണെ, അമരാവതി, ഔറംഗാബാദ്, നാഗ്പുർ വിഭാഗങ്ങൾ 46 പദ്ധതികളാണു നടപ്പിലാക്കുന്നത്. താനെ ജില്ലയിലെ ഖോനിയിൽ യോജനയുടെ ആദ്യ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. 10,000 ഫ്ലാറ്റുകളാണ് ഇവിടെ നിർമിക്കുന്നത്. പ്രാദേശിക, ജില്ലാതലങ്ങളിലുള്ള എല്ലാ അനുമതികളും ഇതിനു ലഭിച്ചുകഴിഞ്ഞു. മറ്റൊന്ന്, 35,000 ഫ്ലാറ്റുകളുടെ പദ്ധതിയാണ്. ഇതു താനെയിൽത്തന്നെയുള്ള കൊങ്കൺ മേഖലയിലെ ശിർഢൻ കേന്ദ്രീകരിച്ചാണ്.
മാഡയുടെ കീഴിൽ ബി.ജെ.ഷിർക്കെ കൺസ്ട്രക്ഷൻ കമ്പനി ഇതിന്റെ നിർമാണം ഏറ്റെടുത്തിട്ടുണ്ട്. കൊങ്കണിലെ 11 യോജന പദ്ധതികളിൽ 54,531 ഫ്ലാറ്റുകൾ സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്നവർക്കായിരിക്കും. 30 ചതുരശ്രമീറ്റർ വലുപ്പ (കാർപെറ്റ് ഏരിയ) മുള്ള ഫ്ലാറ്റായിരിക്കും ഇത്. 60 ചതുരശ്ര മീറ്റർ വലുപ്പമുള്ള 20,514 ഫ്ലാറ്റുകൾ കുറഞ്ഞ വരുമാന (എൽഐജി-ലോവർ ഇൻകംഗ്രൂപ്പ്) ക്കാർക്കും 90 ചതുരശ്ര മീറ്റർ വലുപ്പമുള്ള 9525 ഫ്ലാറ്റുകൾ ഇടത്തരം വരുമാനക്കാർക്കും (എംഐജി) വിതരണം ചെയ്യും.
Discussion about this post