ചെന്നൈ: വിജയ് ചിത്രം മെർസലുമായി ബന്ധപ്പെട്ട വിവാദം തമിഴകത്തു കത്തിപ്പടരവേ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് അഭിനന്ദനവുമായി രജനീകാന്തും രംഗത്ത്. ചിത്രത്തിലെ ജിഎസ്ടിയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഉൾപ്പെടെ മാറ്റണമെന്ന ബിജെപിയുടെ ആവശ്യം ശക്തമായിരിക്കെയാണ് ‘സ്റ്റൈൽ മന്നന്റെ’ ഇടപെടൽ.
‘പ്രധാനപ്പെട്ട’ വിഷയമാണ് മെർസൽ കൈകാര്യം ചെയ്തിരിക്കുന്നതെന്നും അതു നന്നായി ചെയ്തതിനു സിനിമയുടെ അണിയറ പ്രവർത്തകർ അഭിനന്ദനം അർഹിക്കുന്നുവെന്നുമായിരുന്നു രജനീകാന്തിന്റെ ട്വീറ്റ്. അതേസമയം എന്താണു വിഷയമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
സെപ്റ്റംബർ 21ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛതാ ഹി സേവാ പദ്ധതിക്കു പിന്തുണ അറിയിച്ച ട്വീറ്റിനു ശേഷം ഇപ്പോഴാണ് ട്വിറ്ററിൽ രജനീകാന്ത് ഒരു അഭിപ്രായം പങ്കുവയ്ക്കുന്നതെന്നതും ശ്രദ്ധേയമാണ്. ‘വൃത്തിയെന്നാൽ ദൈവികതയാണ്’ എന്ന ട്വീറ്റാണ് അന്നു നടത്തിയത്. രജനീകാന്ത് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഇത്തരമൊരു ട്വീറ്റ്. ഇത് ഒട്ടേറെ ഊഹോപോഹങ്ങൾക്കും വഴിവച്ചിട്ടുണ്ട്.
‘മെര്‍സല്‍’ എന്ന പേരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മറികടന്നാണു അറ്റ്ലീ സംവിധാനം ചെയ്ത ചിത്രം ദീപാവലിക്കു തിയറ്ററുകളിലെത്തിയത്. എന്നാല്‍ റിലീസിനു ശേഷം ചിത്രത്തിലെ സംഭാഷണങ്ങളാണ് ഇപ്പോൾ വിവാദമായത്.
Discussion about this post