തൊടുപുഴ: പ്രണയ വിവാഹത്തിലൂടെ മതംമാറിയ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏഴല്ലൂര്‍ കരിങ്കളത്ത് വാടകയ്ക്ക് താമസിക്കുന്ന ഹാരിസിന്റെ ഭാര്യ ആതിര (ആരിഫ 22) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് ആതിരയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
ആശുപത്രിയിലെത്തിച്ചപ്പോള്‍ ആതിര മരിച്ചിരുന്നതായി പോലീസ് പറഞ്ഞു. വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ട ആതിരയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നെന്നാണ് പോലീസിന് ലഭിച്ച വിവരം. തൊടുപുഴ തഹസീല്‍ദാരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിന് മാറ്റി. ഒന്നര വര്‍ഷം മുമ്പായിരുന്നു ആതിരയും ഹാരിസും തമ്മിലുള്ള പ്രണയ വിവാഹം നടന്നത്.
തുടര്‍ന്ന് ആതിരയെ മഞ്ചേരിയിലെ മതപരിവര്‍ത്തന കേന്ദ്രത്തിലെത്തിച്ച് മതം മാറ്റുകയായിരുന്നെന്നാണ് വിവരം. മൂന്ന് മാസം പ്രായമുള്ള കുട്ടിയുണ്ട്. ഹാരിസിനെ തൊടുപുഴ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് ചോദ്യം ചെയ്തെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചില്ല.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചെങ്കിലേ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് തൊടുപുഴ എസ്ഐ വിഷ്ണകുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
Discussion about this post