തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഉത്സവ എഴുന്നെള്ളിപ്പിനായി ഊരകം അമ്മത്തിരുവടി ക്ഷേത്രത്തിലെ സ്വര്‍ണ നെറ്റിപ്പട്ടം കൊണ്ടുപോകാനുള്ള കൊച്ചിന് ദേവസ്വം ബോര്‍ഡ് നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ക്ഷേത്രത്തിലെ ചില വിശേഷച്ചടങ്ങുകളില് മാത്രം ചര്ത്തുന്നതൊഴിച്ചാല് പുറത്തേക്ക് കൊണ്ടുപോകരുതെന്ന ക്ഷേത്രംതന്ത്രിമാരുടെ നിര്‍ദ്ദേശത്തെ അവഗണിച്ചാണ് പുതിയ നീക്കമെന്ന് ഭക്തര്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് പല പ്രദേശങ്ങളില്‍നിന്നായി സ്ത്രീകളും കുട്ടികളും അടങ്ങിയ ഭക്തര്‍ നടയില്‍ ഒത്തുകൂടി. കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ നീക്കത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ ഭക്തര്‍ ഭീമഹര്‍ജിയും തയ്യാറാക്കിയിട്ടുണ്ട്.
ക്ഷേത്രം സ്ഥാനീയ കുടുംബാംഗമായ ചെറുവത്തൂര്‍ മന ദേവകി അന്തര്‍ജ്ജനം ഹര്‍ജിയില്‍ ആദ്യ ഒപ്പിട്ടു. ശേഷം ക്ഷേത്രത്തിലെത്തിയ ഭക്തര്‍ ക്ഷേത്രത്തിനുചുറ്റും അണിനിരന്ന് പ്രതിഷേധമതില്‍ തീര്‍ത്തു. തിരുനടയില്‍ കൂട്ടപ്രര്ഥനയോടെയാണ് പിരിഞ്ഞത്. ഹര്‍ജി ബന്ധപ്പെട്ടവര്‍ക്ക് നല്‍കും.
തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രത്തിലെ എഴുന്നെള്ളിപ്പിന് അണിയാന്‍ സ്വര്ണനെറ്റിപ്പട്ടമാണ് ഉപയോഗിക്കാറ്. എന്നാല്‍ ഈ നെറ്റിപ്പട്ടം ദേവസ്വം ഉരുക്കിയതോടെയാണ് ഈരകം ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണനെറ്റിപ്പട്ടം എത്തിക്കാന്‍ തീരുമാനിച്ചത്. ഇതിനായി ദേവസം ഹൈക്കോടതിയുടെ അനുമതിയും തേടിയിരുന്നു. ക്ഷേത്രോത്സവത്തിന് നവംബര്‍ 18നാണ് കൊടികയറുക.
ദേവസ്ം ബോര്‍ഡിന്റെ കടുംപിടുത്തത്തെ തുടര്‍ന്ന് അമൂല്യമായ സ്വര്‍ണനെറ്റിപ്പട്ടം ഉരുക്കുകയായിരുന്നു. പുതിയ നെറ്റിപ്പട്ടം പണിയുന്നതിനുവേണ്ടി എന്നായിരുന്നു വാദം. എന്നാല്‍ ഉറപ്പ് നല്‍കിയിരുന്നത് പോലെ ഉത്സവത്തിന് മുമ്പ് നെറ്റിപ്പട്ടം പണിതീര്‍ക്കാന്‍ ദേവസ്വം അധികൃതര്‍ക്ക് കഴിഞ്ഞില്ലെന്നാണ് തൃപ്പൂണിത്തുറയിലെ ഭക്തജനങ്ങള്‍ പറയുന്നത്. നെറ്റിപ്പട്ടം ഉരുക്കിയതില്‍ ദുരൂഹതയുണ്ടെന്ന വാദം ഇവര്‍ ആവര്‍ത്തിക്കുന്നു.
ക്ഷേത്രത്തില്‍ രാജഭരണകാലം മുതല്‍ ഉപയോഗിക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ രത്നങ്ങളും കല്ലുകളും പതിച്ച സ്വര്‍ണ്ണ നെറ്റിപ്പട്ടം ഉരുക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ നേരത്തെ വ്യാപകപ്രതിഷേധം ഉയര്‍ന്നിരുന്നു. രാജകുടുംബാംഗങ്ങളും ഭക്തജനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും ദേവസ്വം ബോര്‍ഡ് തീരുമാനവുമായി മുന്നോട്ടുപോവുകയായിരുന്നു.
ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന പതിനഞ്ചു സ്വര്‍ണ നെറ്റിപ്പട്ടങ്ങളില്‍ പതിനാലെണ്ണവും കൊച്ചിയിലേക്ക് റെയില്‍പ്പാത നീട്ടുന്നതിനുവേണ്ടി രാമവര്‍മ്മ മഹാരാജാവിന് വില്ക്കേണ്ടിവന്നപ്പോഴും വൃശ്ചികോത്സവത്തിന് ഭഗവാന്റെ തിടമ്പ് എഴുന്നള്ളിക്കുന്ന ആനക്ക് ചാര്‍ത്താന്‍ കരുതിവച്ച നെറ്റിപ്പട്ടമാണ് ദേവസ്വം അധികാരികള്‍ ഉരുക്കിയത്. സ്വര്ണനെറ്റിപ്പട്ടത്തിന്റെ മാറ്റുകുറഞ്ഞ ഉരുപ്പടികള്‍ ഉള്ളതായി പരിശോധനയില്‍ തെളിഞ്ഞിട്ടും അതിനെക്കുറിച്ച് അന്വേഷിക്കുവാന്‍ ദേവസ്വം ബോര്‍ഡ് അധികാരികള്‍ ശ്രമിക്കാത്തതില്‍ അഴിമതിയുണ്ടെന്നും ഭക്തര്‍ ആരോപിച്ചിരുന്നു.
Discussion about this post