തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാന വ്യാപകമായി ശക്തമായ മഴയാണ് ലഭിച്ചത്. ഈ സീസണിലെ ഏറ്റവും ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറിൽ പെയ്തത് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. അടുത്ത മൂന്ന് ദിവസങ്ങളിലും സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ 24 മണിക്കൂറിൽ 69.6 മില്ലീമീറ്റർ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോട്ടയം ജില്ലയിൽ ആണ്. മഴ കനക്കുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകളിലും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
മോശം കാലാവസ്ഥയും ശക്തമായ കാറ്റുമാണ് തീര മേഖലകളിൽ അനുഭവപ്പെടുന്നത്. അതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇന്നും നാളെയുമാണ് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുള്ളത്.
മഴ കനക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ വിവിധ അണക്കെട്ടുകൾ തുറന്നിട്ടുണ്ട്. അരുവിക്കര. കല്ലാർകുട്ടി, ലോവർ പെരിയാർ, പമ്പാ, പെരിങ്ങൽകുത്ത് ഡാമുകളിൽ നിന്നാണ് വെള്ളം പുറത്തേക്കൊഴുക്കിവിടുന്നത്.
Discussion about this post