ലണ്ടന്‍: ഇന്ത്യയുമായി യുദ്ധത്തില്‍ ഏര്‍പ്പെടുന്നത് കൊണ്ട് ഒന്നിനും പരിഹാരമാകില്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസി. കശ്മീര്‍ പ്രശ്‌നത്തിന് പരിഹാരമായാല്‍ മാത്രമെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കുകയുള്ളെന്ന് അംഗീകരിച്ച് കൊണ്ടായിരുന്നു അബ്ബാസിയുടെ പ്രസ്താവന. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്‌ണോമിക്‌സില്‍ ശനിയാഴ്ച നടന്ന ഫ്യൂച്ചര്‍ ഓഫ് പാക്കിസ്ഥാന്‍ 2017 എന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അഫ്ഗാനിസ്ഥാന്‍, സിവില്‍ മിലിറ്ററി ബന്ധം, നവാസ് ഷെരീഫിന്റെ പുറത്താകല്‍, ഇന്ത്യയുമായുള്ള ബന്ധവും കശ്മീര്‍ പ്രശ്‌നവും തുടങ്ങി സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞ വിവിധ വിഷയങ്ങളോട് പ്രതികരിക്കുകയായിരുന്നു പാക്ക് പ്രധാനമന്ത്രി.
കശ്മീരിന്റെ സ്വാതന്ത്ര്യത്തെ കുറിച്ച് പല അഭിപ്രായങ്ങളുയരുന്നു. എന്നാല്‍ അത് യാഥാര്‍ത്ഥ്യവും പ്രാവര്‍ത്തികവുമല്ല. ഇത്തരം ശുപാര്‍ശകള്‍ക്ക് പിന്തുണ ലഭിക്കില്ലെന്നും കശ്മീര്‍ സംബന്ധിച്ച വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുകയാണ് മുന്നോട്ട് വയ്ക്കാനുള്ള ഏക പോംവഴിയെന്നും 35 മിനിറ്റുകള്‍ നീണ്ട പ്രസംഗത്തില്‍ അബ്ബാസി വ്യക്തമാക്കി. പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളെ കുറിച്ചും സമ്മേളനം പ്രതിപാദിച്ചു. ഭീകരര്‍ക്കെതിരെ പാക്കിസ്ഥാന്‍ ശക്തമായ പോരാട്ടം നടത്തി വരികയാണെന്നും പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ വിജയിക്കുമെന്നും അബ്ബാസി പറഞ്ഞു. സാങ്കേതികതികവുള്ള ആയുധങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ രാജ്യം അഭിമുഖീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
0.5 ദശലക്ഷം വരുന്ന ഓട്ടോമാറ്റിക് ആയുധങ്ങള്‍ പാക്കിസ്ഥാനിലുണ്ടെന്നും അത് നീക്കം ചെയ്യുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കഴിഞ്ഞ സര്‍ക്കാര്‍ സ്വകാര്യ പൗരന്മാര്‍ക്കായി 35000 ഓട്ടോമാറ്റിക്ക് ആയുധങ്ങളാണ് വിതരണം ചെയ്തതെന്നും അബ്ബാസി പറഞ്ഞു. അഫ്ഗാനിസ്ഥാനെ ചുറ്റിപറ്റി മാത്രമല്ല അമേരിക്ക പാക്ക് ബന്ധമെന്നും അബ്ബാസി കൂട്ടിച്ചേര്‍ത്തു.
അതേസമയം കശ്മീരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്രം നിയോഗിച്ച പ്രതിനിധിയായ ദിനേശ്വര്‍ ശര്‍മ്മ ഇന്ന് വിവിധ തലങ്ങളിലുള്ള പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. രാഷ്ട്രീയം, വ്യാപാരം, യുവാക്കള്‍, മറ്റ് സംഘടനകള്‍ തുടങ്ങിയ മേഖലകളിലെ പ്രതിനിധികളാകും ചര്‍ച്ചയില്‍ പങ്കെടുക്കുക. കശ്മീരി വിഘടനവാദികള്‍ ചര്‍ച്ചയെ ബഹിഷ്‌ക്കരിച്ചിട്ടുണ്ട്.
Discussion about this post