കണ്ണൂര്‍: കണ്ണൂരില്‍ നിന്നു ഐഎസില്‍ ചേരാന്‍ പോയവർ സിറിയയിൽ എത്തിയതിനു തെളിവു ലഭിച്ചെന്നു പൊലീസ്. കണ്ണൂർ ഏച്ചൂർ സ്വദേശി ഷജിൽ യുദ്ധത്തിൽ വെടിയേറ്റു മരിച്ചതായി ബന്ധുക്കളെ സിറിയയിൽ നിന്നു ഭാര്യ അറിയിക്കുന്നതിന്റെ ശബ്ദസന്ദേശം ലഭിച്ചതായി ഡിവൈഎസ്പി പി.പി.സദാനന്ദൻ പറഞ്ഞു.
ഷജിലിന്റെ ഭാര്യയും രണ്ടു കുട്ടികളും സിറിയയിലാണുള്ളത്. വെടിയേറ്റ ഷജിൽ വാഹനത്തിനടുത്തേക്കു നടന്നു വന്നതായും പിന്നീടു മരിച്ചതായും ഭാര്യ ഹഫ്സിയ പറയുന്നതിന്റെ സൗണ്ട് ക്ലിപ് ആണു ലഭിച്ചത്. ഷജിൽ മരിച്ചതായി നേരത്തേ തന്നെ നാട്ടിൽ വിവരം ലഭിച്ചിരുന്നു. ഇതുപോലെ ഭർത്താവു കൊല്ലപ്പെട്ട ധാരാളം മലയാളി യുവതികളും അവരുടെ കുട്ടികളും സിറിയയിലുണ്ടെന്നും ഷജിലിന്റെ ഭാര്യ പറയുന്നുണ്ട്. പരിഭ്രാന്തയായി പൊട്ടിക്കരഞ്ഞു കൊണ്ടാണു ഹഫ്സിയ സംസാരിക്കുന്നത്. ഷജിലിന്റെ സുഹൃത്ത് വളപട്ടണം സ്വദേശി മനാഫ് സിറിയയിൽ നിന്നു നാട്ടിലെ സുഹൃത്തുമായി സംസാരിക്കുന്നതിന്റെ സൗണ്ട് ക്ലിപ്പും കിട്ടിയിട്ടുണ്ട്. ഷജിൽ മരിച്ചതിനാൽ, നാട്ടിലെ സുഹൃത്തിനു ഷജിൽ കൊടുക്കാനുണ്ടായിരുന്ന പണം താൻ തിരിച്ചു തരുമെന്നു പറഞ്ഞാണു മനാഫ് വിളിച്ചത്. സുഹൃത്തിന്റെ ഗൾഫിലെ അക്കൗണ്ടിലേക്കു പണമിടാമെന്നു മനാഫ് പറഞ്ഞെങ്കിലും അക്കൗണ്ട് നമ്പർ കൊടുക്കാൻ സുഹൃത്ത് തയാറായില്ല.
ചെറുവത്തലമൊട്ടയിലെ ഖയ്യൂം സിറിയയിൽ നിന്നു വീട്ടുകാരെ വിളിച്ചു സംസാരിച്ചതിന്റെ ക്ലിപ്പും പൊലീസിനു ലഭിച്ചു. സിറിയയിലെ യുദ്ധമേഖലയിലാണുള്ളത്, ഏതു സമയത്തും കൊല്ലപ്പെട്ടേക്കാം എന്നു ഖയ്യൂം പറയുന്നുണ്ട്. ഐഎസിന്റെ യൂണിഫോം ധരിച്ചു വലിയ തോക്കുമായി ഖയ്യൂം നിൽക്കുന്ന ചിത്രം ടെലിഗ്രാം ആപ്പിലെ പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം കണ്ണൂരിൽ അറസ്റ്റിലായ സംഘത്തിലെ റാഷിദ്, മിഥിലാജ് എന്നിവർ സിറിയയിൽ പോയി വന്നതിന്റെ തെളിവും ലഭിച്ചു. പിടിയിലായ മനാഫ് റഹ്മാൻ ഭാര്യയും അഞ്ചു കുട്ടികളുമൊത്തു സിറിയയിലേക്കു പോകാൻ ശ്രമിക്കുന്നതിനിടെ മംഗലാപുരത്തു തടഞ്ഞു തിരിച്ചയച്ചിരുന്നു. അവരുടെ പാസ്പോർട്ടും പൊലീസിനു ലഭിച്ചിട്ടുണ്ട്.
തലശ്ശേരിയിലെ രണ്ടു ട്രാവൽ ഏജൻസികൾ വഴിയാണു വിമാനടിക്കറ്റ് ബുക്ക് ചെയ്തതെന്നും കണ്ടെത്തി. ഗൾഫിലെ വിസ്ഡം ഗ്രൂപ്പിലെ പ്രവർത്തനകാലത്താണു പലരും ഐഎസിലേക്ക് ആകർഷിക്കപ്പെട്ടതെന്നു വ്യക്തമായിട്ടുണ്ടെങ്കിലും വിസ്ഡം ഗ്രൂപ്പിന് ഔദ്യോഗികമായി അത്തരം ബന്ധങ്ങളുള്ളതായി സൂചനയില്ലെന്നു ഡിവൈഎസ്പി പറഞ്ഞു. സംഘടനയുടെ നിലപാട് ഐഎസിനെതിരാണ്. ആ ഗ്രൂപ്പിനെ ദുരുപയോഗം ചെയ്തതായാണു കരുതുന്നതെന്നും പൊലീസ് അറിയിച്ചു.
Discussion about this post