മാനന്തവാടി: എടവക പൈങ്ങാട്ടിരി നല്ലൂര്‍നാട് വില്ലേജ് ഓഫീസിന് എതിര്‍വശത്തെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മനുഷ്യശരീരം കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. കൊല്ലപ്പെട്ടയാള്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ദുര്‍ഗന്ധം വമിക്കുന്ന മൃതശശീരത്തിന് ഏകദേശം ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
ബുധനാഴ്ച വീടുപണിക്കെത്തിയ മണി എന്ന തൊഴിലാളി തറ നിരപ്പില്‍ നിന്ന് മണ്ണ് താഴ്ന്ന നിലയില്‍ കണ്ടതിനെ തുടര്‍ന്ന് കരാറുകാരനെ അറിയിക്കുകയും തുടര്‍ന്ന് മണ്ണ് മാറ്റി നോക്കുകയുമായിരുന്നു. ചാക്കില്‍ കെട്ടി മണ്ണിനടിയില്‍ താഴ്ത്തിയ മൃതദേഹത്തിനു മുകളില്‍ ചെങ്കല്ല് കയറ്റി വെച്ചിട്ടുണ്ടായിരുന്നു. മാനന്തവാടി സി.ഐ. പി.കെ. മണിയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും തൊഴിലാളികളില്‍ നിന്ന് മൊഴി ശേഖരിക്കുകയും ചെയ്തു.
സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കുഴിച്ചു മൂടിയതില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായാണ് വിലയിരുത്തല്‍. മറ്റെവിടെനിന്നെങ്കിലും കൃത്യം നടത്തിയ ശേഷം മൃതദേഹം ഇവിടെ കുഴിച്ചിട്ടതാണെന്നാണ് പോലീസ് കരുതുന്നത്. വ്യാഴാഴ്ച സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തും. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് അധികൃതര്‍ സ്ഥലത്തെത്തി പോസ്റ്റ്മോര്‍ട്ടം നടത്തും. മൃതദേഹത്തിനു പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
‘ദൃശ്യം’ സിനിമയെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ വിദഗ്ധമായി തെളിവു നശിപ്പിച്ച് പോലീസിനെ കബളിപ്പിക്കാനുള്ള ശ്രമമാണ് നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മൃതദേഹം കുഴിച്ചു മൂടിയതിലൂടെ കൃത്യം നടത്തിയവര്‍ ചെയ്തതെന്നു കരുതുന്നു.
Discussion about this post