ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സബ്സിഡികള്‍ ലഭ്യമാക്കുന്നതിന് ബയോമെട്രിക് സംവിധാനമായ ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് അടക്കമുള്ള നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചതിലൂടെ 65,000 കോടി രൂപയുടെ ലാഭമുണ്ടായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിലൂടെ സബ്സിഡി ചോരാതെ നേരിട്ട് ജനങ്ങളിലെത്തിക്കാനായെന്നും മോദി പറഞ്ഞു. അഞ്ചാമത് സൈബര്‍ സ്പേസ് ആഗോള സമ്മേളനം (ജി.സി.സി.എസ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുന്‍കാലങ്ങളില്‍ ജനങ്ങള്‍ക്ക് നല്കുന്ന സബ്സിഡികള്‍ പൂര്‍ണമായും അര്‍ഹരായവരില്‍ എത്തിയിരുന്നില്ല. എന്നാല്‍ സബ്സിഡികള്‍ നേരിട്ട് നല്കാന് തുടങ്ങിയതോടെ വലിയ തോതിലുള്ള ചോര്‍ച്ചയാണ് ഒഴിവായത്. ഇത് വിപ്ളവകരമായൊരു മാറ്റമായിരുന്നു. മികച്ച സേവനവും ഭരണവും വിദ്യാഭ്യാസ ആരോഗ്യ രംഗത്തെ കണ്ടെത്തലുകളും ആളുകളിലെത്താന്‍ സാങ്കേതികവിദ്യ ഉതകുന്നുണ്ടെന്നും മോദി പറഞ്ഞു.
സബ്സിഡികള്‍ നേരിട്ടു നല്കാന് (ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ ഡി.ബി.ടി) സാങ്കേതിക വിദ്യ സര്‍ക്കാരിനെ കുറച്ചൊന്നമല്ല സഹായിച്ചത്. ആധാര്‍, ബാങ്ക് അക്കൗണ്ട് തുടങ്ങിയവ സംയോജിപ്പിച്ച് പദ്ധതി നടപ്പാക്കിയതിലൂടെയാണ് 65,000 കോടി ലാഭിക്കാനായത്. ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തെ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ജന്‍ധന്‍ അക്കൗണ്ട്, ആധാര്‍, മൊബൈല്‍ എന്നിവ സമന്വയിപ്പിച്ച് കൊണ്ടുവന്ന ‘ജാം’, അഴിമതി കുറയ്ക്കാനും സുതാര്യത വര്‍ദ്ധിപ്പിക്കാനും സഹായിച്ചു. വലിയ കംപ്യൂട്ടറുകളില്‍നിന്ന് കൈവെള്ളയില്‍ ഒതുങ്ങുന്ന സ്മാര്‍ട്ട് ഫോണിലേക്കും ഗാഡ്ജറ്റുകളിലേക്കും സാങ്കേതികവിദ്യ മാറി. 20 ദശാബ്ദത്തിനിടെ സൈബര്‍ സ്പേസില്‍ വലിയ മാറ്റങ്ങളാണുണ്ടായത്. ഇന്റര്‍നെറ്റ് ഒഫ് തിംഗ്സ് (ഐ.ഒ.ടി), ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) തുടങ്ങിയവ സര്വസാധാരണമായെന്നും മോദി ചൂണ്ടിക്കാട്ടി.
രണ്ടു ദിവസത്തെ സമ്മേളനത്തില്‍ 120 രാജ്യങ്ങളിലെ 10,000 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
Discussion about this post