വിശാഖപട്ടണം:പാര്‍ട്ടിക്കു പുതിയ ദിശ നല്‍കുന്നതായിരിക്കും വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്ത് നാളെ തുടങ്ങുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ എത്തിതായിരുന്നു കാരാട്ടിന്റെ പ്രതികരണം.
പുതിയ പാര്‍ട്ടി സെക്രട്ടറിയെ സംബന്ധിച്ചുള്ളത് അഭ്യൂഹം മാത്രമെന്ന് പൊളിറ്റ് ബ്യൂറോ എസ്. രാമചന്ദ്രന് പിള്ള പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസില്‍ സംഘടനാവിഷയങ്ങള്‍ സംബന്ധിച്ച പ്രാഥമിക ചര്‍ച്ച മാത്രമേ ഉണ്ടാകൂവെന്ന് എസ് ആര് പി അറിയിച്ചു.
സിപിഎമ്മിനെ സംബന്ധിച്ചു വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒരു സമയത്തു നടക്കുന്ന 21-ാം പാര്‍ട്ടി കോണ്‍ഗ്രസ്, പാര്‍ട്ടിയുടെ ഭാവി എന്ത് എന്ന കാര്യത്തില്‍ വളരെ നിര്‍ണായകമാണ്. നാളെ തുടങ്ങുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ അജന്‍ഡ നിശ്ചയിക്കാന്‍ പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും ഇന്നു യോഗം ചേരും. ഉച്ചകഴിഞ്ഞ് 3.30ന് പിബിയും അഞ്ചിന് കേന്ദ്രകമ്മിറ്റിയും ചേരുന്നുണ്ട്.
അതേസമയം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് സീതാറാം യെച്ചൂരിയേയും, എസ് ആര് പിയേയും പരിഗണിയ്ക്കുന്നുവെന്ന് വാര്‍ത്തകളുണ്ടെങ്കിലും അതിന് സ്ഥിരീകരണമില്ല. സീതാറാം യെച്ചൂരിയെ ബംഗാള്‍ ഘടകം പിന്തുണയ്ക്കുന്നുണ്ടെങ്കിലും, കേരളഘടകത്തിലെ നേതാക്കള്‍ എസ്ആര്‍പിയ്ക്ക് ഒപ്പമാണെന്നാണ് അറിയുന്നത്. ആന്ധ്ര ഘടകത്തിലെ ചിലരും എസ്ആര്‍പിയെ പിന്തുണയ്ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ എസ്ആര്‍പി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആയേക്കാമെന്നാണ് ചില കേന്ദ്രങ്ങള്‍ പറയുന്നത്.
സി.പി.എമ്മിന്റെ 21ാം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ
വിശാഖപട്ടണത്ത് കൊടിയേറും. പതിനാല് മുതല്‍ 19ാംതിയതി വരെയാണ് സമ്മേളനം.
ചൊവ്വാഴ്ച രാവിലെ പത്തിന് പതാക ഉയര്‍ത്തും. പ്രതിനിധിസമ്മേളനം പത്തരയ്ക്ക് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്യും.
സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍റെഡ്ഡി, ആര്‍എസ്പി സെക്രട്ടറി അബനി റോയ്, ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേബബ്രത ബിശ്വാസ്, എസ്യുസിഐ നേതാവ് പ്രവാസ് ഘോഷ്, സിപിഐ എംഎല് നേതാവ് സുനിത കൃഷ്ണന് എന്നിവര്‍ സംബന്ധിക്കുമെന്ന് പൊളിറ്റ് ബ്യൂറോ അംഗം ബി വി രാഘവുലു പറഞ്ഞു. എം ബസവപുന്നയ്യ നഗറി(രാമകൃഷ്ണ ബീച്ച്)ല്‍ 19ന് നടക്കുന്ന മഹാറാലിയില്‍ ഒരുലക്ഷം പ്രവര്‍ത്തകര്‍ അണിചേരും. ആര്‍ടിസി കോംപ്ലക്സില്‍നിന്ന് ആരംഭിക്കുന്ന റാലി നാലു കിലോമീറ്റര്‍ സഞ്ചരിച്ച് ആര് കെ ബീച്ചില്‍ സമാപിക്കും. വിശാഖപട്ടണം, ശ്രീകാകുളം, വിജയനഗരം, ഈസ്റ്റ് ഗോദാവരി എന്നീ നാലു ജില്ല കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തകര്‍ എത്തുക.
രാജ്യവ്യാപകമായ ഇടത് പക്ഷ പ്രസ്ഥാനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ അതിജീവിച്ച് പുതിയ ഉണര്വ്വിന് തുടക്കമിടാനുള്ള നയങ്ങള്‍ക്ക് കോണ്‍ഗ്രസ് രൂപം നല്‍കും. പതിറ്റാണ്ടിലേറെയായി സി.പി.എമ്മിനെ നയിക്കുന്ന പ്രകാശ് കാരാട്ട് ഇക്കുറി ജനറല്‍ സെക്രട്ടറിസ്ഥാനമൊഴിയും. പുതിയ നേതൃനിര സ്ഥാനമേല്‍ക്കും, പാര്‍ട്ടി ഇതുവരെ തുടര്‍ന്നുവന്ന അടവുനയ രേഖയിലെ തിരുത്തും പാര്‍ട്ടി കോണ്‍ഗ്രസിന്റെ അജണ്ടയിലുണ്ട്.
പശ്ചിമ ബംഗാളിലടക്കം പിടിച്ചുനില്ക്കാന് പാടുപെടുകയും ലോകസഭയില്‍ അംഗബലം ഒറ്റ അക്കത്തില്‍ ഒതുങ്ങിപ്പോവുകയും ചെയ്ത സാഹചര്യമാണ് സി.പി.എമ്മിന് ഇപ്പോഴുള്ളത്. ക്രിയാത്മക പ്രതിപക്ഷം എന്ന നിലയില്‍ കേരളത്തിലും ഫലപ്രദമായി പ്രവര്‍ത്തിക്കാനാവുന്നില്ല എന്ന വിമര്‍ശനവും മുന്നിലുണ്ട്. ബിജെപി സര്‍ക്കാരിനെതിരായ സ്വീകരിക്കേണ്ട അടവ് നയം സംബന്ധിച്ച് വിശദമായ ചര്‍ച്ച തന്നെ യോഗത്തില്‍ നടക്കും. ആര്‍എസ്എസ്ബിജെപി രാഷ്ട്രീയത്തോട് സന്ധിയില്ലെന്ന കാര്യത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെങ്കിലും അതിന് കോണ്‍ഗ്രസ് ഉള്‍പ്പെടെ പാര്‍ട്ടികളുമായുള്ള സഹകരണം എങ്ങനെയെന്ന കാര്യത്തില്‍ അഭിപ്രായ ഐക്യമില്ല. അടവുനയ അവലോകനം, രാഷ്ട്രീയ പ്രമേയം എന്നിവയുടെ ചര്‍ച്ചകളില്‍ ഇതുസംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുമെന്ന് തീര്‍ച്ചയാണ്.
ചരിത്രത്തിലാദ്യമായി എസ്.യു.സി.ഐയും സി.പി.ഐ (എം.എല്‍)ഉം ക്ഷണിക്കപ്പെട്ടുവെന്നതാണ് വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സവിശേഷതകളിലൊന്ന്. സി.പി.എം, സി.പി.ഐ, ഫോര്‍വേര്‍ഡ് ബ്ളോക്, ആര്.എസ്.പി എന്നീ നാലു പാര്‍ട്ടികള്‍ക്ക് അപ്പുറമുള്ള കമ്യൂണിസ്റ്റ് ഗ്രൂപ്പുകളെ മുഖ്യധാരയിലേക്ക് കൂട്ടി ഇടതുപക്ഷ രാഷ്ട്രീയം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണിത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം എസ്.യു.സി.ഐ, സി.പി.ഐ (എം.എല്‍) എന്നിവയോടുള്ള സമീപനത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതിന്റെ തുടര്‍ച്ചയായാണ് അവയുടെ നേതാക്കളെ പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടന സമ്മേളനത്തിലേക്ക് ക്ഷണിച്ചതെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള പറഞ്ഞു.
പുതിയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മുതിര്‍ന്ന പി.ബി അംഗങ്ങളായ സീതാറാം യെച്ചൂരി, എസ്. രാമചന്ദ്രന്‍പിള്ള എന്നിവരുടെ പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്. എന്നാല്‍, ബംഗാള്‍ ഘടകത്തെ പോലത്തെന്നെ പ്രബലരായ കേരള ഘടകത്തിന്റെ പിന്തുണ ഏറെയും എസ്.ആര്.പിക്കാണ്.
Discussion about this post