തൃശൂര്‍: കുടിവെള്ളത്തില്‍ വിഷം കലര്‍ത്താന്‍ ഭീകരസംഘടനയായ ഐഎസ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. റെയില്‍വെ പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വിവിധ സ്റ്റേഷന്‍ മാനേജര്‍മാര്‍ക്ക് പോലീസ് ഇതു സംബന്ധിച്ച് കത്തു നല്‍കി. റെയില്‍വെ സ്റ്റേഷനുകളിലും ട്രെയ്‌നുകളിലും കൂട്ടമായി സഞ്ചരിക്കുന്ന അയ്യപ്പഭക്തര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നല്‍കുന്ന കുടിവെള്ളത്തില്‍ വിഷം കലര്‍ത്തുന്നതിന് ഐഎസ് ഭീകരര്‍ പദ്ധതിയിട്ടതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കുടിവെള്ളവും ഭക്ഷണ പദാര്‍ത്ഥങ്ങളും സുരക്ഷിതമായി നല്‍കുന്ന കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്താനാണ് പോലീസ് നിര്‍ദ്ദേശം. 14ന് സ്‌പെഷല്‍ ബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഡിജിപിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ് ) എന്ന തീവ്രവാദ സംഘടനയുടേതാണെന്ന പേരിൽ നിരവധി ഭീഷണി സന്ദേശങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത്തരം സന്ദേശങ്ങളുടെ വാസ്തവികത ഉൾപ്പെടെയുള്ള എല്ലാ വശങ്ങളും പോലീസ് അന്വേഷിച്ചുവരികയാണ്. ഈ അന്വേഷണം നടത്തുമ്പോൾത്തന്നെ, മുൻകരുതലെന്ന നിലയിലും ആവശ്യമായ ജാഗ്രത പുലർത്തുന്നതിനുമായി ഇത്തരം ഭീഷണികൾ സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർക്ക് ജാഗ്രതാ നിർദ്ദേശങ്ങളും സാധാരണയായി നൽകാറുണ്ട്. സുരക്ഷയെ മുൻനിറുത്തി പൊതു സംവിധാനങ്ങളെയും സ്ഥാപനങ്ങളെയും പോലീസ് നിരീക്ഷിക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യുന്നുണ്ട്. ഈ നടപടികളെല്ലാം സാധാരണയായുള്ള പോലീസ് പ്രവർത്തനങ്ങളുടെ ഭാഗമാണെന്നും ഇതേപ്പറ്റി ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും പൊതുജനങ്ങളെ അറിയിക്കുന്നു.
ഇത്തരത്തിലുള്ള സന്ദേശങ്ങൾക്ക് ഇരകളാകരുതെന്നും അവ പ്രചരിപ്പിക്കരുതെന്നും എല്ലാവരോടും അഭ്യർഥിക്കുന്നു.
ലോക് നാഥ് ബെഹറ
സംസ്ഥാന പോലീസ് മേധാവി
https://www.facebook.com/StatePoliceChief/photos/a.864234323670673.1073741828.861337030627069/1568970353197063/?type=3
Discussion about this post