കോഴിക്കോട്: കേരളത്തിലെ അമുസ്ലിംങ്ങളെ വിഷം നല്‍കി കൊല്ലാന്‍ ആഗോള ഭീകരസംഘടനയായ ഐ.എസ് പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തലുമായി എന്‍.ഐ.എ. മലയാളി തീവ്രവാദികളില്‍ നിന്ന് ബോംബ് നിര്‍മ്മിക്കാനുള്ള സാമഗ്രികള്‍ പിടിച്ചെടുത്തതിനു പുറമെ വിഷം സമാഹരിക്കാനുള്ള നീക്കങ്ങള്‍ നടത്തിയതായും ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) കണ്ടെത്തി. 2016 ഒക്ടോബര്‍ രണ്ടിന് കണ്ണൂര്‍, കനകമലയില്‍ ഐ.എസ് കേസില്‍ അറസ്റ്റിലായവരില്‍ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ എന്‍.ഐ.എക്കു ലഭിച്ചത്.
ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയും റെയില്‍ പാളം തെറ്റിച്ചും അമുസ്ലിംങ്ങളെ കൊലപ്പെടുത്തണമെന്ന ആഹ്വാനവുമായി കഴിഞ്ഞ മാസം അബ്ദുല്‍ റാഷിദ് അബ്ദുള്ള രംഗത്ത് വന്നിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിലെത്തിയ മലയാളികളുടെ നേതാവാണ് കാസര്‍കോട്ടുകാരന്‍ അബ്ദുല്‍ റാഷിദ്. റാഷിദിന്റെ ശബ്ദസന്ദേശം ശരിവെയ്ക്കും തരത്തിലാണ് നേരത്തെ അറസ്റ്റിലായ കനകമല ടീം നീക്കം നടത്തിയിരുന്നുവെന്നതാണ് എന്‍.ഐ.എ സമര്‍പ്പിച്ച കുറ്റപത്രം വ്യക്തമാക്കുന്നത്.
മുസ്ലിംങ്ങളല്ലാത്തവരോട് യുദ്ധം പ്രഖ്യാപിക്കണമെന്നും ഇവരെ ഏതു വിധേനയും കൊലപ്പെടുത്തണമെന്നുമാണ് ഐ.എസിന്റെ വാദം. ഈ ആശയത്തെ പിന്‍തുടര്‍ന്നാണ് വിഷ പ്രയോഗം അടക്കമുള്ളവ ഐ.എസ് നടത്തുന്നതെന്നാണ് നിരീക്ഷിക്കുന്നത്.
ദക്ഷിണേന്ത്യയില്‍ ഐ.എസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് രൂപീകരിച്ച ‘അന്‍സാറുല്‍ ഖിലാഫ കേരള’ യുടെ നേതൃത്വത്തിലായിരുന്നു ഈ നീക്കങ്ങള്‍ നടത്തിയിരുന്നത്. കണ്ണൂര്‍ സ്വദേശി മന്‍സീദ് എന്ന മന്‍സി ബുറാഖ്, കോഴിക്കോട് മൂഴിക്കല്‍ സ്വദേശി സജീര്‍ അബ്ദുള്ള മംഗലശ്ശേരി, സ്വാലിഹ് മുഹമ്മദ്, റാഷിദ് അലി, റംഷാദ്, മുഹമ്മദ് ഫയാസ്, സിദ്ദീഖുല്‍ അസ്ലം, സഫുവാന്‍, ജാസിം, മുഈനുദ്ദീന്‍ പാറക്കടവത്ത്, മുജീബുറഹ്മാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേരളത്തില്‍ ഐ.എസ് ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടതെന്ന് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഐഎസ്സിലെത്തി യുദ്ധത്തില്‍ പങ്കെടുത്ത് മടങ്ങിയ മലയാളിയായ സുബ്ഹാനി ഹാജക്കെതിരെ എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസിലും കുറ്റപത്രം സമര്‍പ്പിച്ചു.
ഒമര്‍ അല്‍ ഹിന്ദി കേസില്‍ എന്‍.ഐ.എ സമര്‍പ്പിച്ച കുറ്റപത്രത്തിനു പുറമെ, കനകമലയില്‍ നിന്ന് അറസ്റ്റിലായ ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകര്‍ വിഷം സംഭരിക്കാനുള്ള നീക്കങ്ങള്‍ നടത്തിയിരുന്നതായി കേസ് അന്വേഷിച്ച എന്‍.ഐ.എ വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രതി ചേര്‍ക്കപ്പെട്ട വ്യക്തികളുടെ നേതൃത്ത്വത്തിലായിരുന്നു ആയുധങ്ങളും ബോംബ് നിര്‍മ്മാണ സാമഗ്രികളും സമാഹരിച്ചത്. ഇവര്‍ വിഷം സംഭരിക്കാനുള്ള നീക്കങ്ങള്‍ നടത്തിയിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു.
ശബരിമല സീസണില്‍ തീവ്രവാദ സംഘങ്ങള്‍ റെയില്‍വേ സ്റ്റേഷനുകളിലും പരിസരങ്ങളിലുമായി ഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ പദ്ധതിയിട്ടിരുന്നതായി ഈയിടെ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. മുസ്ലിംങ്ങളല്ലാത്തവരെ വിഷം നല്‍കി കൊല്ലാനായിരുന്നു അബ്ദുല്‍ റാഷിദ് ഓഡീയോ ക്ലിപ്പിലൂടെ ആഹ്വാനം ചെയ്തിരുന്നത്. ഇതിന് പിന്നാലെ റെയില്‍വേ ഉദ്യോഗസ്ഥര്‍ നല്‍കിയ മുന്നറിയിപ്പിനെ ചൊല്ലി വിവാദങ്ങല്‍ ഉണ്ടാകുകയും ചെയ്തു.
2016 ഒക്ടോബര്‍ 5ന് ചെന്നൈയില്‍ നിന്ന് അറസ്റ്റു ചെയ്ത സുബ്ഹാനി ഹാജ 2015 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇറാഖിലും സിറിയയിലും ഐ.എസിനു വേണ്ടി യുദ്ധത്തില്‍ പങ്കടുത്തിരുന്നതായി എന്‍.ഐ.എ കുറ്റപത്രത്തില്‍ പറയുന്നു. യുദ്ധമുഖത്ത് നിന്ന് പരിക്കേറ്റിരുന്നതായി സമ്മതിച്ച സുബ്ഹാനിയെ 2016 ഒക്ടോബര്‍ 21ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് വിദഗ്ദരുടെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പരിശോധനയില്‍ വെടിയുണ്ടകളുടെ അവശിഷ്ടങ്ങളെന്നു സംശയിക്കുന്ന ഭാഗങ്ങള്‍ ശരീരത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. സുബ്ഹാനി ധരിച്ചിരുന്ന ജാക്കറ്റില്‍ നിന്ന് പൊട്ടാസ്യം നൈട്രേറ്റ്, പൊട്ടാസ്യം ക്ലോറൈറ്റ് എന്നിവയുടെ അംശങ്ങള്‍ കണ്ടെത്തി. തിരുവനന്തപുരം എഫ്.എസ്.എല്ലില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. തൊടുപുഴ സ്വദേശിയായ സുബ്ഹാനി ഹാജ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഐ.പി.സി 120 ബി, 122,125, യു.എ.പി.എ 20, 38, 39 വകുപ്പുകളാണ് സുബ്ഹാനിക്ക് മേല്‍ ചുമത്തിയിട്ടുള്ളത്.
Discussion about this post