അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടം വോട്ടെടുപ്പ് ശനിയാഴ്ച. ബി.ജെ.പിയെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസിനെ നയിക്കുന്ന രാഹുല്‍ ഗാന്ധിയും നിരന്തരം വാക്ശരങ്ങള്‍കൊണ്ട് ഏറ്റുമുട്ടിയ ആദ്യഘട്ട പ്രചാരണത്തിന് വ്യാഴാഴ്ച വൈകീട്ട് തിരശ്ശീല വീണു.
അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് ക്യാമ്പ് പ്രതീക്ഷ പ്രകടിപ്പിക്കുമ്പോള്‍, ഭരണം നിലനിര്‍ത്താമെന്നാണ് 19 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. ഇത്തവണ 150ലേറെ സീറ്റു നേടുമെന്നാണ് അവകാശപ്പെടുന്നത്. അതേസമയം, സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതിനിര്‍ണയിക്കുന്ന ജാതിശക്തികള്‍ ഇത്തവണ കൂടുതല്‍ സജീവമാണ്.
സൗരാഷ്ട്ര മുതല്‍ തെക്കന്‍ ഗുജറാത്ത് വരെ 19 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 89 മണ്ഡലങ്ങളാണ് ശനിയാഴ്ച ബൂത്തിലേക്ക് നീങ്ങുന്നത്. ആദ്യഘട്ടത്തില്‍ രംഗത്തുള്ള 977 സ്ഥാനാര്‍ഥികളില്‍ 57 പേര് സ്ത്രീകളാണ്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയത് ബി.ജെ.പിയാണ്. ആദ്യഘട്ടത്തിലെ 89 മണ്ഡലങ്ങളിലും അവര്‍ക്ക് പ്രതിനിധികളുണ്ട്. കോണ്‍ഗ്രസ് 87 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്.
Discussion about this post