ഇടുക്കി: സിപിഎം ഏരിയ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഫേസ്ബുക്കു വഴി ലൈവ് ചെയ്ത ഏരിയ കമ്മറ്റി അംഗത്തെ സമ്മേളനത്തില്‍ നിന്നും പുറത്താക്കി. നേതാക്കള്‍ പിടിച്ചു വാങ്ങിയ മൊബൈല്‍ ഫോണ്‍ ഒരു ദിവസത്തിനു ശേഷമാണ് തിരിച്ചു നല്‍കിയതെന്ന പരാതിയുമായി ഏരിയ കമ്മറ്റി അംഗം രംഗത്തെത്തി. ഇടുക്കിയിലെ ശാന്തന്‍പാറയിലാണ് സംഭവം.
29 വര്‍ഷമായി ശാന്തന്‍പാറയിലെ സജീവ സിപിഎം പ്രവര്‍ത്തകനും ഏരിയ കമ്മറ്റി അംഗവുമാണ് ജയന് സേനാപതി. ഇദ്ദേഹമാണ് പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയേറ്റംഗത്തിന്റെ പ്രസംഗം ഫേസ്ബുക്കു വഴി ലൈവ് ചെയ്തത്. ഇത് നേതാക്കളെ ചൊടിപ്പിച്ചു. തുടര്‍ന്ന് നേതാക്കളെത്തി ജയന്റെ കയ്യില്‍ നിന്നും മൊബൈല്‍ ബലമായി പിടിച്ചു വാങ്ങിയ ശേഷം ഇറക്കിവിടുകയായിരുന്നു. ജില്ലാ സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു നടപടി. എന്നാല്‍ ലൈവ് ചെയ്യാന്‍ കൃത്യമായി അറിയാതെ പരീക്ഷണം നടത്തിയപ്പോള്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് ജയന് പറയുന്നത്.
തെറ്റ് അംഗീകരിക്കുന്നുവെങ്കിലും മൊബൈല്‍ ഫോണ്‍ ഒരു ദിവസം മുഴുവന്‍ പിടിച്ചു വച്ച നടപടിക്കെതിരെ പരാതി നല്‍കും. സംഭവവുമായി ബന്ധപ്പെട്ട് നടപടി നേരിടാതിരിക്കാന്‍ വിശദീകരണം നല്കാന് ജയന് നേതൃത്വം കത്തു നല്‍കിയിട്ടുണ്ട്. ജില്ലയിലെ പല സമ്മേളനങ്ങളിലും ജോയ്സ് ജോര്‍ജ്ജിനെ സംരക്ഷിക്കുന്നതിമെതിരെയും സിപിഐയുടെ നിലപാടുകളെ സംബന്ധിച്ചും വിമര്‍ശനമുയരുന്നുണ്ട്. ഇതിനിടയില്‍ ഇത്തരത്തില്‍ ലൈവ് ചെയ്തതാണ് നേതൃത്വത്തെ ഏറെ പ്രകോപിപ്പിച്ചത്.
Discussion about this post