തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത ബിഷപ്പ് സൂസെപാക്യത്തിന്റെ ഇടയലേഖനം. ഓഖി മുന്നറിയിപ്പ് നല്കുന്നതില് സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്നും രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ഇടയലേഖനം സൂചിപ്പിക്കുന്നു. ഇന്ത്യയിലെ കത്തോലിക്കാ സഭാ ദേവാലയങ്ങളില്‍ ഇന്ന് പ്രാര്‍ത്ഥനാ ദിനം ആചരിക്കുകയാണ്.
ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവര്‍ക്കും കടലില്‍ കാണാതായവര്‍ക്കും പ്രത്യേക പ്രാര്‍ത്ഥനയോടെയാണ് പള്ളികളില്‍ ചടങ്ങുകള്‍ ആരംഭിച്ചത്. തിരുവനന്തപുരം ലത്തീന്‍ അതിരൂപയ്ക്കു കീഴിലുള്ള ദേവാലയങ്ങളില്‍ ആര്‍ച്ച് ബിഷപ്പ് സൂസെപാക്യത്തിന്റെ ഇടയലേഖനം വായിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള രൂക്ഷ വിമര്‍ശനമാണ് ഇടയലേഖത്തിലെ പ്രധാന ഭാഗം.ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ കത്തോലിക്കാ ദേവാലയങ്ങളില്‍ ഇന്ന് പ്രാര്‍ത്ഥനാ ദിനം ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഡോ സൂസൈപാക്യത്തിന്റെ ഇടയലേഖനവും വന്നത്.
അവസാന ആളെയും കണ്ടെത്തും വരെ തെരച്ചില്‍ തുടരുമെന്ന കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്റെ വാക്കുകളില്‍ പ്രതീക്ഷയുണ്ടെന്നും പ്രധാനമന്ത്രി ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.
സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സഭയുടെ നന്ദിയും ഇടയലേഖനത്തില്‍ അറിയിച്ചു. ഇടയലേഖനത്തെ സ്വാഗതം ചെയ്യുന്നതായും സഭയ്ക്കൊപ്പം നില്‍ക്കുന്നതായും തീരദേശവാസികളും പ്രതികരിച്ചു.
നാളെ നടക്കുന്ന രാജ്ഭവന് മാര്‍ച്ചില്‍ സഭാ വിശ്വാസികളുടെ പിന്തുണയും ഇടയലേഖനം അഭ്യര്‍ത്ഥിച്ചു. ദുരിതബാധിതരെ സഹായിക്കുന്നതിന് കത്തോലിക്കാ സഭ സ്വരൂപിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും ദുരിതബാധിതര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞാണ് ഇടയലേഖനം അവസാനിപ്പിക്കുന്നത്.
Discussion about this post