ലക്‌നൗ: അമേഠിയിലെ സ്ഥാനാർത്ഥ്വത്തിൽ നിന്നും രാഹുൽ ഗാന്ധി പിന്മാറിയതിലൂടെ കോൺഗ്രസ് പരാജയം സമ്മതിച്ചുവെന്ന് ബിജെപി വനിതാ നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. അമേഠിയിൽ രാഹുൽ പരാജയപ്പെടുമെന്ന് കോൺഗ്രസിന് ഉറപ്പാണ്. റായ്ബറേലിയിലെ രാഹുലിന്റെ സ്ഥാനാർത്ഥിത്വം അമേഠിയിലെ ജനങ്ങളുടെ വിജയം ആണെന്നും സ്മൃതി ഇറാനി പറഞ്ഞു.
രാഹുൽ ഗാന്ധി അമേഠിയിൽ നിന്നും മത്സരിക്കുന്നില്ല എന്നതാണ് അറിയാൻ കഴിയുന്നത്. തിരഞ്ഞെടുപ്പിൽ ആളുകൾ വോട്ട് ചെയ്യുന്നതിന് മുൻപേ തന്നെ രാഹുലും കോൺഗ്രസും പരാജയം സമ്മതിച്ചിരിക്കുന്നു എന്നാണ് വ്യക്തമാകുന്നത്. എന്തെങ്കിലും ഒരു പ്രതീക്ഷ അവർക്ക് ഉണ്ടായിരുന്നു എങ്കിൽ അവർ മത്സരിച്ചേനെ. റായ്ബറേലിയിൽ നിന്നുള്ള രാഹുലിന്റെ സ്ഥാനാർത്ഥിത്വം അമേഠിയിലെ ജനങ്ങളുടെ വിജയമാണെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.
അമേഠിയിൽ വലിയ വികസനങ്ങളാണ് നടന്നിരിക്കുന്നത്. കേവലം മൂന്ന് വർഷം കൊണ്ടാണ് അമേഠിയിൽ ഇത്രയും മാറ്റം കൊണ്ടുവരാൻ ആയത്. അഞ്ച് വർഷത്തിൽ രണ്ട് വർഷം കോവിഡ് കൊണ്ടുപോയി. എങ്കിലും വലിയ മാറ്റങ്ങൾ അമേഠിയിൽ ഉണ്ടായി. കോൺഗ്രസ് 50 വർഷക്കാലംകൊണ്ട് എന്ത് മാറ്റമാണ് മണ്ഡലത്തിൽ ഉണ്ടാക്കിയത് എന്നും സ്മൃതി ഇറാനി ചോദിച്ചു.
മോദി സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ വരുമെന്ന് അമേഠിയിലെ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു. ജനങ്ങൾക്ക് വേണ്ടിയുള്ള തങ്ങളുടെ പ്രവർത്തനം തുടരും. വികസനത്തിലാണ് തങ്ങളുടെ പ്രധാന ശ്രദ്ധയെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.
Discussion about this post