ഡല്‍ഹി: ഹിമാലയത്തിലെ പരിസ്ഥിതിലോല പ്രദേശത്ത് സ്ഥിതിചെയ്യുന്ന അമര്‍നാഥ് ഗുഹാക്ഷേത്രത്തെ ‘നിശ്ശബ്ദമേഖല’യായി പ്രഖ്യാപിച്ച ദേശീയ ഹരിത ട്രിബ്യൂണല്‍ (എന്‍.ജി.ടി.) ഉത്തരവിനെതിരെ വിശ്വഹിന്ദു പരിഷത് (വി.എച്ച്.പി.) രംഗത്തെത്തി.
അതേസമയം ക്ഷേത്രം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണിതെന്നാണ് ട്രിബ്യൂണലിന്റെ വാദം. മന്ത്രോച്ചാരണം, മണിയടിശബ്ദം, പ്രവേശനകവാടത്തില്‍ കാണിക്കയിടല്‍ തുടങ്ങിയവ വിലക്കിയിട്ടുണ്ട്. ട്രിബ്യൂണല്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പരിസ്ഥിതിപ്രവര്‍ത്തകയായ ഗൗരി മൗലേഖിയുടെ ഹര്‍ജിയിലാണ് നടപടി.
തീര്‍ഥാടകര്‍ക്ക് നല്‍കേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ എന്തൊക്കെ എന്നതിനെപ്പറ്റി വ്യക്തമായ റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം നല്‍കണമെന്ന് ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. വരുന്ന ജനുവരി 18ന് വിഷയം വീണ്ടും കേള്‍ക്കും. ട്രിബ്യൂണല്‍ ഉത്തരവിനെതിരേ വിശ്വഹിന്ദു പരിഷത് (വി.എച്ച്.പി.) രംഗത്തെത്തിയിട്ടുണ്ട്.
2012-ല്‍ സുപ്രീംകോടതി നിര്‍ദേശിച്ച അടിസ്ഥാനസൗകര്യങ്ങളും മറ്റും നടപ്പാക്കിയിട്ടുണ്ടോ എന്നതിനെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ട്രിബ്യൂണല്‍ നേരത്തേ ക്ഷേത്രം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. അപകടസാധ്യതയെപ്പറ്റി പഠിക്കാന്‍ ഉന്നതാധികാരസമിതിയെയും നിയോഗിച്ചിരുന്നു.
അമര്‍നാഥിലുള്ള ഒരു ഗുഹയില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണിത്. ശ്രീനഗറില്‍നിന്ന് 136 കിലോമീറ്റര്‍ വടക്കുകിഴക്കുഭാഗത്തായി സമുദ്രനിരപ്പില്‍നിന്നും 3888 മീറ്റര്‍ ഉയരത്തിലാണ് ക്ഷേത്രം. മഞ്ഞിലുള്ള ശിവലിംഗമാണ് ഇവിടത്തെ പ്രത്യേകത.
Discussion about this post