കണ്ണൂര്‍: പയ്യന്നൂരില്‍ കോണ്‍ഗ്രസ് നേതാവിനെ ആക്രമിച്ച സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ഇരുകാല്‍മുട്ടുകളും അടിച്ചു തകര്‍ത്ത സംഭവത്തില്‍ പെരിങ്ങോം പോലീസാണ് നാല് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. മഞ്ചപ്പറമ്പ് സ്വദേശികളും സിപിഎം പ്രവര്‍ത്തകരുമായ പ്രസാദ്, മനോജ്, രാജു, രമേശന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
കാങ്കോല്‍ആലപ്പടമ്പ മണ്ഡലം പ്രസിഡന്റ് എന്‍.വി.നാരായണന്റെ (60)കാലുകള്‍ അടിച്ചു തകര്‍ത്ത സംഭവത്തിലാണ് കേസ്. പരിക്കേറ്റ നാരായണന്‍ പയ്യന്നൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
സിപിഎം പ്രവര്‍ത്തകരായ ഏറ്റുകുടുക്ക മഞ്ചപ്പറമ്പിലെ കേളോത്ത് വീട്ടില്‍ പ്രസാദ് (47), അവറോന്നന്‍ വീട്ടില്‍ രാജു (41), കുന്നുമ്മല്‍ രമേശന്‍ (44), വടക്കന്‍ വീട്ടില്‍ മനോജ് (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. മാത്തിലില്‍ നടക്കുന്ന ഡിസ്‌പെന്‍സറി ഉദ്ഘാടനത്തിന് പാര്‍ട്ടി പ്രതിനിധിയായി ആശംസയര്‍പ്പിക്കാനായി പോകുകയായിരുന്ന തന്നെ ഏറ്റുകുടുക്ക മഞ്ചപ്പറമ്പില്‍വെച്ച് ബൈക്ക് തടഞ്ഞ് നിര്‍ത്തി ഇരുകാലുകളും അടിച്ചു തകര്‍ക്കുകയായിരുന്നുവെന്നാണ് നാരായണന്റെ മൊഴി. ഇതേതുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തത്.
Discussion about this post