കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതില്‍ നിയമനടപടി ആവശ്യപ്പെട്ട് ദലിത് വിദ്യാര്‍ഥികളുടെ അനിശ്ചിതകാല നിരാഹാരസമരം. സര്‍വകലാശാല കവാടത്തിനുമുന്‍പില്‍ ഗവേഷകവിദ്യാര്‍ഥിനികളാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.
പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ചയ്ക്കായി മൂന്നംഗ കമ്മിഷനെ സര്‍വകലാശാല നിയോഗിച്ചെങ്കിലും നിയമനടപടി വേണമെന്നാണ് വിദ്യാര്‍ഥിനികളുടെ ആവശ്യം.
കഴിഞ്ഞ ഒക്‌റ്റോബര്‍ 26 നാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. രാത്രി പതിനൊന്നുമണിയോടെ വിദ്യാര്‍ത്ഥിനികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ പുരുഷ വിദ്യാര്‍ഥികളെത്തി മോശമായരീതിയില്‍ സംസാരിച്ചു. പിറ്റേന്ന് രാവിലെ ഇതിനെതിരെ റജിസ്ട്രാര്‍ക്ക് പരാതി നല്‍കാന്‍ പോയ വിദ്യാര്‍ഥിനികളെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് തടഞ്ഞുവച്ചുവെന്നും ജാതിപേര് വിളിച്ച് അസഭ്യം പറഞ്ഞുവെന്നുമാണ് ആരോപണം. ഇതില്‍ വിദ്യാര്‍ഥിനികള്‍ സര്‍വകലാശാല അധികൃതര്‍ക്ക് പരാതിയും നല്‍കിയിരുന്നു. മൂന്ന് വിദ്യാര്‍ഥികളെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്യുകയും പരാതി അന്വേഷിക്കാന്‍ മൂന്നംഗ കമ്മിഷനെയും ചുമതലപ്പെടുത്തി.
എന്നാല്‍ സസ്‌പെന്റ് ചെയ്ത വിദ്യാര്‍ത്ഥികളെ യാതൊരു മുന്നറിപ്പും കൂടാതെ തിരിച്ചെടുത്തതായി പരാതി നല്‍കിയ വിദ്യാര്‍ഥിനികള്‍ പറയുന്നു. കമ്മിഷന്‍ വേണ്ട രൂപത്തിലല്ല തെളിവെടുപ്പ് നടത്തിയതെന്നും പട്ടികജാതി പട്ടികവര്‍ഗ അംഗങ്ങളാരും കമ്മിഷനില്‍ ഉണ്ടായിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു.പൊലീസ് നടപടിക്കുപുറമെ പുതിയ അന്വേഷണ കമ്മിഷനെ നിയമിക്കണമെന്നും കുറ്റാരോപിതരായ വിദ്യാര്‍ഥികളെ ക്യാമ്പസില്‍ വിലക്കണമെന്നും വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ടു.
Discussion about this post