ഡല്‍ഹി: ആന്‍ഡ്രിക്സ് ദേവാസ് അഴിമതിക്കേസില്‍ ഐ എസ് ആര് ഒ മുന്‍ ചെയര്മാന് ജി മാധവന് നായര്‍ ഉള്‍പ്പെടെ നാലു പ്രതികള്‍ക്ക് ജാമ്യം. ഡല്‍ഹി പാട്യാല ഹൗസ് സി ബി ഐ കോടതിയാണ് ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ ബോണ്ടും രണ്ട് ജാമ്യക്കാരടെ ഉറപ്പിന്മേലുമാണ് ജാമ്യം അനുവദിച്ചത്. സമന്‍സ് ലഭിച്ച പ്രതികളില്‍ ഭൂരിഭാഗവും ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. അവരെല്ലാവരും ജാമ്യപേക്ഷയും സമര്‍പ്പിച്ചിരുന്നു.
അതേസമയം കോടതിയില്‍ ഹാജരാകാത്ത മൂന്നുപേര്‍ക്ക് ജാമ്യം അനുവദിച്ചിട്ടില്ല.
ഇതാദ്യമായാണ് മാധവന് നായര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിക്കു മുന്നില്‍ ഹാജരായത്. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികളാണ് ഇന്ന് കോടതി കൈക്കൊണ്ടത്. ഫെബ്രുവരി പതിനഞ്ചിന് കേസ് വീണ്ടും പരിഗണിക്കും. അന്നു മുതലായിരിക്കും കേസില്‍ വിശദമായ വാദം കേള്‍ക്കുന്നതിലേക്ക് കോടതി കടക്കുക.
2005-ല്‍ മാധവന് നായര്‍ ഐ.എസ്.ആര്.ഒ. ചെയര്‍മാനായിരിക്കെയാണ് ഇന്ത്യന്‍ ഉപഗ്രഹങ്ങളുടെ എസ്.ബാന്‍ഡ് സ്പെക്ട്രം ഉപയോഗിക്കാനുള്ള അനുവാദം അമേരിക്ക ആസ്ഥാനമായുള്ള ബെംഗളൂര് കമ്പനി ദേവാസ് മള്‍ട്ടിമീഡിയയ്ക്ക് നല്‍കുന്നത്. ആന്‍ട്രിക്സുമായി 12 കൊല്ലത്തേയ്ക്കായിരുന്നു കരാര്‍.
Discussion about this post