കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പനയില്‍ തനിക്ക് പിഴവുസംഭവിച്ചെന്ന് ഏറ്റുപറഞ്ഞ് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കഴിഞ്ഞ ദിവസം ചേര്‍ന്ന സ്ഥിരം സിനഡ് യോഗത്തിലാണ് ആലഞ്ചേരി ഏറ്റുപറയല്‍ നടത്തിയത്. ഇതിന്റെ പേരില്‍ രൂപതയിലെ പുരോഹിതരോട് മൂന്ന് തവണ ക്ഷമാപണം നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.
ഭൂമി വില്‍പ്പന സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് സിനഡ് നിര്‍ദ്ദേശിച്ചു. ഭൂമി വില്‍പ്പന വിവാദമായതോടെയാണ് സിനഡിന്റെ അടിയന്തര യോഗം ചേര്‍ന്നത്. മാര്‍പാപ്പയ്ക്ക് പരാതി അയയ്ക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഈ മാസം ചേരുന്ന അതിരൂപതാ വൈദിക സമിതി തീരുമാനിക്കുമെന്നും സിനഡ് വ്യക്തമാക്കി. നിലവിലുള്ള വിവാദം അവസാനിപ്പിക്കണമെന്നും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാന്‍ സഹായമെത്രാന്‍മാര്‍ മുന്‍കൈ എടുക്കണമെന്നും സിനഡ് നിര്‍ദേശിച്ചു. അടുത്തയാഴ്ച ചേരുന്ന സമ്പൂര്‍ണ്ണ സിനഡില്‍ കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും.
സ്ഥിരം സിനഡില്‍ അംഗങ്ങളല്ലാത്ത എറണാകുളം അങ്കമാലി അതിരൂപതയിലെ സഹായമെത്രാന്‍മാരായ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയും ജോസ് പുത്തന്‍വീട്ടിലിനെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. ആലഞ്ചേരിക്കെതിരായ പുരോഹിതരെ വിളിച്ച് ചേര്‍ത്ത് പ്രശ്‌നത്തില്‍ സമവായം ഉണ്ടാക്കണമെന്നും അതിരൂപതയിലെ പ്രധാന സമിതിയോഗങ്ങളില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്നും സിനഡ് ആവശ്യപ്പെട്ടു.
Discussion about this post