ഡല്‍ഹി: നൂതന ആശയങ്ങളെ ‘സ്വകാര്യതയെ കൈവശപ്പെടുത്തുന്നു’വെന്ന പേരില്‍ കൊല്ലാനാകില്ലെന്നു കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. പദ്ധതിയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച നന്ദന് നിലേകനി പോലുള്ളവര്‍ പോലും ആധാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ ആസൂത്രിതമായ നീക്കം നടക്കുന്നതായി പറഞ്ഞിരുന്നു. പദ്ധതിയുടെ ഭാഗമായി ശേഖരിച്ച വിരലടയാളവും കൃഷ്ണമണിയുടെ വിവരങ്ങളും ഇപ്പോഴും സുരക്ഷിതമാണ്. ബില്യണ്‍ തവണ ശ്രമിച്ചാല്‍പ്പോലും അവ തകര്‍ക്കാനാകില്ല. ആധാര്‍ വിവരങ്ങളുടെ ചോര്‍ച്ച എന്ന വിഷയം ഊതിവീര്പ്പിക്കരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
പ്രമുഖ മാധ്യമമായ ദി ട്രിബ്യൂണ്‍ ആണ് 500 രൂപ നല്കിയാല് ആരുടെയും ആധാര്‍ വിവരങ്ങള്‍ ലഭിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതേത്തുടര്‍ന്നു ഡല്‍ഹി പൊലീസ് പത്രത്തിനെതിരെയും റിപ്പോര്‍ട്ടര്‍ക്കെതിരെയും എഫ്ഐആര്‍ ഫയല്‍ ചെയ്തിരുന്നു.
ആധാറും സ്വകാര്യതയും എന്നതില്‍ ചില ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. യാത്ര ചെയ്യുക എന്നതു സ്വകാര്യ കാര്യമാണ്. എന്നാല്‍ വിമാന യാത്ര പോലുള്ള പൊതുഗതാഗത സംവിധാനം ഉപയോഗിക്കുമ്പോള്‍ എല്ലാം റെക്കോര്‍ഡ് ചെയ്യപ്പെടുകയാണ്. നിങ്ങള്‍ എന്തുകഴിക്കുന്നുവെന്നതു സ്വകാര്യമായ തിരഞ്ഞെടുപ്പാണ്. എന്നാല്‍ ഒരു റെസ്റ്ററന്റിലാണു കഴിക്കുന്നതെങ്കില്‍ അതു ബില്ലായി രേഖയായി മാറും. അതുകൊണ്ടു സ്വകാര്യത എന്ന വിഷയം പരിധിയില്‍ കവിഞ്ഞ് ഊതിവീര്‍പ്പിക്കരുത്. ഏറ്റവും കൂടുതല്‍ സ്വകാര്യമെന്നു പറയുന്നതു മെഡിക്കല്‍, ബാങ്ക് റെക്കോര്‍ഡുകളാണ്. ആധാര്‍ നിര്‍ബന്ധമാക്കുക വഴി വ്യാജ അക്കൗണ്ടുകളും അധ്യാപകരെയും പുറത്തുകൊണ്ടുവരാനായി. സര്‍ക്കാരിന്റെ അമൂല്യമായ വിഭവസമ്പത്തിനെ ഇതുവഴി രക്ഷിച്ചെടുക്കാനായി. ആധാറില്‍ ജാതി, മതം, ആരോഗ്യം, വിദ്യാഭ്യാസം, വരുമാനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്ല കൃഷ്ണമണിയുടെയും വിരലടയാളത്തിന്റെയും വിവരങ്ങള്‍ മാത്രമേയുള്ളൂ, മന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post