തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍ ലോക കേരളസഭ ബഹിഷ്കരിച്ചു. ഇരിപ്പിടം ഒരുക്കിയതില്‍ അവഗണനയുണ്ടായി എന്നാരോപിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. വ്യവസായികള്‍ക്കും പിന്നില്‍ പ്രതിപക്ഷ ഉപനേതാവിന് സീറ്റൊരുക്കിയതിലായിരുന്നു പ്രതിഷേധം. വ്യവസായികള്‍ അടക്കമുള്ളവര്‍ക്ക് പിന്നിലായിട്ടാണ് തനിക്ക് സീറ്റ് നല്‍കിയത്. ഇത് അവഗണനയാണെന്ന് ആരോപിച്ചാണ് മുനീര്‍ ഇറങ്ങിപ്പോയത്.
സംഭവത്തില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കുമെന്ന് എം.കെ മുനീര്‍ അറിയിച്ചു. താന്‍ ഇരിക്കുന്ന കസേര ചെറുതാകാന്‍ പാടില്ലെന്നതു കൊണ്ടാണ് സമ്മേളനം ബഹിഷ്കരിച്ചത്. പിന്നില്‍ ഇരിക്കുന്നത് തന്നെ പിന്തുണക്കുന്ന എം.എല്‍.എ മാരെ ചെറുതാക്കുന്നതു പോലെയാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ അംഗങ്ങള്‍ ഉള്ളതിനാല്‍ നിയമസഭാ കക്ഷികള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉണ്ടാകുമെന്ന് കരുതിയാണ് സമ്മേളനത്തിന് പോയത്. മുസ്ലിംലീഗ് നിയമസഭയിലെ നാലാമത്തെ കക്ഷിയാണ്. പ്രതിപക്ഷത്തെ രണ്ടാമത്തെ കക്ഷിയും. 18 അംഗങ്ങള്‍ പ്രതിനിധീകരിക്കുന്ന ആളാണ് പ്രതിപക്ഷ ഉപനേതാവ്. താന്‍ ദുര്‍ബലനായിരിക്കാം. എന്നാല്‍ താന്‍ ഇരിക്കുന്ന കസേര ചെറുതാകാന്‍ പാടില്ല എന്ന് നിര്‍ബന്ധമുണ്ട്.
മൂന്നാമത്തെ നിരയിലെ 93-ാമത്തെ സീറ്റാണ് പ്രതിപക്ഷ ഉപനേതാവിന് നല്‍കിയത്. തൊട്ടു മുമ്പില്‍ എല്ലാം രാഷ്ട്രീയ നേതാക്കളാണെങ്കില്‍ കുഴപ്പമില്ല. എന്നാല്‍ പ്രമുഖരും പ്രമുഖരല്ലാത്ത വ്യവസായികളുമാണ് മുന്‍ നിരകളിലുണ്ടായിരുന്നത്. അവര്‍ക്ക് പിറകില്‍ താനിരുന്നാല്‍ കൂടെയുള്ള 18 പ്രതിനിധികള്‍ക്കും മോശമാണ്. അതുകൊണ്ടായിരുന്നു ബഹിഷ്കരണം.
പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് ഇനി എന്തു വേണമെന്ന് തീരുമാനിക്കും. വിദേശത്തു പോയി വ്യവസായം തുടങ്ങി പണവുമായി വന്ന് മുന്‍നിരയില്‍ സീറ്റ് ലഭിക്കുന്ന വിധത്തില്‍ വ്യവസായ പ്രമുഖനായി മാറുക എന്നതാണ് തന്റെ ലക്ഷ്യമെന്നും മുനീര്‍ പറഞ്ഞു.
പ്രഥമ ലോക കേരളസഭയുടെ ആദ്യ സമ്മേളനമാണ് നിയമസഭ മന്ദിരത്തില്‍ രാവിലെ 9.30ന് ആരംഭിക്കുന്നത്. രണ്ടു ദിവസത്തെ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. 9.30ന് സഭയുടെ രൂപവത്കരണം സംബന്ധിച്ച് സെക്രട്ടറി ജനറലും സംസ്ഥാന ചീഫ് സെക്രട്ടറിയുമായ പോള്‍ ആന്റണി പ്രഖ്യാപനം നടത്തും. അതിനുശേഷം സഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. തുടര്‍ന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പ്രഖ്യാപനം നടത്തും.
സഭാ നേതാവ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗത്തോടെ കാര്യപരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിക്കും.രാജ്യസഭ ഡെപ്യൂട്ടി ചെയര്മാന് പി.ജെ. കുര്യന്, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മുന്‍ മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദന്, ഉമ്മന്‍ ചാണ്ടി, മുന്‍ കേന്ദ്ര പ്രവാസകാര്യ വകുപ്പ് മന്ത്രി വയലാര്‍ രവി, വിവിധ റീജ്യനുകളുടെ പ്രതിനിധികള്‍, എന്‍.ആര്.ഐ വ്യവസായികള്‍, പ്രമുഖ വ്യക്തികള്‍ തുടങ്ങിയവര്‍ ലോക കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്തമാക്കും.
Discussion about this post